
വിശക്കുമ്പോൾ നാട്ടിലേക്കിറങ്ങേണ്ട; അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്
അരിക്കൊമ്പനായി കാട്ടിൽ അരി എത്തിച്ചു നൽകി തമിഴ്നാട്. അരി, ശർക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ള റിസർവ് ഫോറസ്റ്റിൽ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടൽ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും കമ്പം എംഎൽഎ എൻ. രാമകൃഷ്ണൻ പറഞ്ഞു. മയക്കുവെടി വിദഗ്ധർ ആനയെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഷൺമുഖ നദി ഡാമിനോടു ചേർന്നുള്ള റിസർവ് വനത്തിലാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളത്. രാത്രിയിൽ കൃഷിത്തോട്ടത്തിൽ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോൾ അരിക്കൊമ്പൻ ചെയ്യുന്നത്. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളിൽ അരിക്കൊമ്പൻ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വനത്തിൽ പലയിടത്തും എത്തിച്ചു നൽകിയത്, അദ്ദേഹം പറഞ്ഞു.
സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതു കൊണ്ട് മരത്തിലോ മുൾച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായത്. വനംവകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടില്ല, എം.എൽ.എ. വ്യക്തമാക്കി.
രണ്ടു ഷിഫ്റ്റുകളിലായി 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. ആന നിലവിൽ മലയോര പ്രദേശത്തായതിനാൽ തന്നെ അവിടെ നിന്ന് സമതല പ്രദേശത്തേക്ക് എത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കൂ. ജനവാസ മേഖലയിലിറങ്ങി പ്രശ്നമുണ്ടാക്കാതെയിരിക്കുക എന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഥവാ ആന മേഘമല വനപ്രദേശത്തേക്ക് നീങ്ങി ഉൾക്കാട്ടിലേക്ക് കടക്കുകയാണെങ്കിൽ മറ്റിടപെടലുകൾ നടത്തേണ്ട എന്ന തീരുമാനത്തിലാണ് വനംവകുപ്പെന്നും എം.എൽ.എ വ്യക്തമാക്കി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

