

വടക്കഞ്ചേരി മലയോര മേഖലയിലെ 75 ശതമാനം കുടുംബങ്ങളും റബറിനെ ആശ്രയിച്ച് ഉപജീവനം നയിക്കുന്നവരാണ്.എന്നാൽ കടുത്ത ചൂടിൽ റബ്ബറിൽ ഉത്പാദനം കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കി.
വിലയും ഇല്ല,പാലും ഇല്ല.ഉഷ്ണതരംഗമായതോടെ ടാപ്പിംഗും നിലച്ചു. റബർ കർഷകരുടെ കാര്യം കഷ്ടത്തിലായി. സാധാരണ മാർച്ചോടെയാണ് റബർ വെട്ടുന്നത് അവസാനിപ്പിക്കാറുള്ളത്
എന്നാല്‍ മഞ്ഞ് കുറഞ്ഞ്, ചൂട് കടുത്തതോടെ ടാപ്പിംഗ് ഫെബ്രുവരിക്ക് മുൻപേ നിറുത്തേണ്ടിവന്നു. ആകെ പ്രതീക്ഷ കേന്ദ്ര -സംസ്ഥാന ബഡ്ജറ്റിലായിരുന്നു. അതിലും റബറിനെ തഴഞ്ഞതോടെ കർഷകർ നിരാശയിലാണ്. 180 രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സിഡി സ്കീം നിരക്ക്. ഇത് 200 ആയി ഉയർത്തുമെന്നായിരുന്നു കരുതിയത്. താങ്ങുവിലയും ഉയർത്തിയില്ല. വില സ്ഥിരതാ ഫണ്ട് പിൻവലിച്ചതാണ് സംസ്ഥാന ബഡ്ജറ്റിലെ ചതി. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ 200 രൂപ ചെലവ് വരും. സർക്കാർ പ്രഖ്യാപിച്ച താങ്ങുവില വിപണി വിലയിലും ഉയർന്നെങ്കിലേ സബ്സിഡി സ്കീം പ്രയോജനപ്പെടൂ. നിലവില്‍ വ്യാപാരി വിലയിലും രണ്ടു രൂപയും റബർ ബോർഡ് വിലയില്‍ പത്തു രൂപയും കുറവാണ് താങ്ങുവില. കഴിഞ്ഞ ബഡ്ജറ്റില്‍ റബർ വില സ്ഥിരതാ ഫണ്ടിലേക്ക് 600 കോടി വകയിരുത്തിയിട്ടും 60 കോടി മാത്രമാണ് വിനിയോഗിച്ചത്.
വേനല്‍ക്കാലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി സ്ഥിതി രൂക്ഷമാണ്. വൻകിട എസ്റ്റേറ്റുകളില്‍ പലപ്പോഴും വേനല്‍ കാലത്ത് ടാപ്പിംഗ് നിറുത്തിവയ്ക്കുകയാണ് പതിവ്. എന്നാല്‍ മരം വെട്ടി പാലെടുത്ത് ഷീറ്റുകളാക്കി അന്നന്നത്തേയ്ക്ക് ഉപജീവനം തേടുന്ന ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലാവും. മരത്തിന്റ പട്ടയില്‍ തണുത്ത മണ്ണ് പൊത്തിവച്ച് ചൂടില്‍ നിന്ന് രക്ഷിക്കുക മാത്രമാണ് പരിഹാരം. എന്നാല്‍ അതത്ര എളുമല്ല.
ഇനി ഇലപൊഴിയും കാലമാണ്. അടുത്ത സീസണ് മുമ്പ് റബർ മരങ്ങളെ നന്നായി സംരക്ഷിക്കണം. അതിനുള്ള പണം കർഷരുടെ കൈവശമില്ല. 200 രൂപ വിപണി വില എത്തും വരെ റബർ വില്‍ക്കില്ലെന്ന കർഷക സംഘങ്ങളുടെ തീരുമാനം ക്രംബ് റബർ കൂടുതല്‍ ഇറക്കുമതി ചെയ്തും വിപണിയില്‍ നിന്ന് വിട്ടുനിന്നും ടയർലോബി പൊളിച്ചു. സർക്കാർ കാഴ്ചക്കാരായി നില്‍ക്കരുതെന്നാണ് റബ്ബർ കർഷകരുടെ ആവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
