
✍️റിപ്പോർട്ട് : സന്തോഷ് കുന്നത്ത്
വടക്കഞ്ചേരി ; തെരുവ് നായ്ക്കൾ ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കുന്ന വാർത്തകൾ ധാരാളം നാട്ടിൽ നടക്കുമ്പോൾ വളർത്തുനായ്ക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കിഴക്കഞ്ചേരിയിലെ ഓടുകിഞ്ചോട് പ്രദേശം.
ഇവിടെ ചില വീടുകളിൽ ധാരാളം നായ്ക്കളെ വളർത്തുകയും അവക്ക് വേണ്ട ആഹാരം നൽകാതിരിക്കുകയും, കെട്ടിയിട്ടു വളർത്താതിരിക്കുകയും ചെയ്യുന്നത് കൊണ്ട് ഇവ മറ്റ് വീടുകളിൽ വലിയ ശല്യമായി മാറുകയാണ്.
ഓരോ വർഷം കഴിയും തോറും നായ്ക്കൾ പെറ്റുപെരുകി ഇപ്പോൾ നൂറോളം നായ്ക്കളാണ് ഇരുന്നൂറ് മീറ്റർ പരിധിയിൽ മാത്രമുള്ളത്. ഇവിടെ മൂന്നു വീടുകളാണ് നായ്ക്കളെ വളർത്തുന്നത്. നാട്ടുകാർ പരാതിപെട്ട് പഞ്ചായത്ത് അധികൃതർ വന്നപ്പോൾ ഉടമസ്ഥത ആരും ഏറ്റെടുത്തില്ല.
കൈയ്യിൽ ഒരു വടി കരുതാതെ വഴിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാരും വിദ്യാർത്ഥികളും. ഇരുചക്ര വാഹനങ്ങൾക്ക് പുറകെ ഇവ കുരച്ചുകൊണ്ട് ഓടും. വാഹനങ്ങൾ വന്നാൽ റോഡിൽ നിന്ന് ഇവ മാറാറില്ല.
കണ്ണുതെറ്റിയാൽ പരിസര പ്രദേശത്തെ വീടുകളിൽ ഇവ ഓടി കയറി കണ്ണിൽ കണ്ടതൊക്കെ നശിപ്പിക്കുന്നതാണ് നാട്ടുകാർക്ക് ദുരിതമായിരിക്കുന്നത്. സദാസമയവും വീടുകളുടെ വാതിലുകൾ അടച്ചിടേണ്ട അവസ്ഥയാണ്. നായ്ക്കളെ പേടിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥ. വീടിന്റെ സിറ്റൗട്ടിൽ വാതിൽ ഇല്ലാത്തവർ മേശയും തകര ഷീറ്റും വച്ച് മറയ്ക്കുകയാണ്.
നായ്ക്കളുടെ ഉടമകളോട് ഇവയെ കെട്ടിയിട്ട് വളർത്താൻ അധികൃതർ ആവശ്യപ്പെടണമെന്നും ശക്തമായ നടപടി എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
