
ശ്രീനിവാസന്‍ വധം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയും ഏരിയ റിപ്പോര്‍ട്ടറുമായ സിറാജുദ്ദീനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ശ്രീനിവാസന്‍, സഞ്ജിത്ത് വധക്കേസ്, അധ്യാപകന്റെ കൈവെട്ട് കേസില്‍ ഉള്‍പ്പെടെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാരെ വ്യത്യസ്തഘട്ടങ്ങളില്‍ സിറാജുദ്ദീന്‍ സഹായിച്ചുവെന്ന് പൊലീസ്.
പോപ്പുലര്‍ ഫ്രണ്ടുകാരോട് എതിര്‍ത്ത് നില്‍ക്കുന്ന ആര്‍എസ്എസുകാരെ ആക്രമിക്കാന്‍ പട്ടിക തയാറാക്കുന്ന ചുമതലയായിരുന്നു സിറാജുദ്ദീനുണ്ടായിരുന്നത്. തിരൂര്‍, കോട്ടയ്ക്കല്‍, മലപ്പുറം, ആലത്തൂര്‍ ഭാഗങ്ങളിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ പേരും ഫോട്ടോയും മേല്‍വിലാസവും അടങ്ങിയ പട്ടിക ഇയാളുടെ വീട്ടിലെ പരിശോധനയില്‍ പൊലീസ് പിടികൂടി. ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ കൊലയാളി സംഘം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവില്‍ കണ്ടെത്തി. സഞ്ജിത്ത് വധത്തില്‍ സിറാജുദ്ദീനും പങ്കുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ശ്രീനിവാസന്‍ വധക്കേസിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയായി.
കൊലയ്ക്ക് ശേഷം പ്രതികള്‍ക്ക് വ്യത്യസ്ത ഇടങ്ങളില്‍ ഒളിത്താവളമൊരുക്കി. അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്കും സിറാജുദ്ദീന്‍ സഹായം ചെയ്തിരുന്നതായും പൊലീസ് പറയുന്നു. വിവിധ ഇടങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം നാട് വിടുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സുരക്ഷിതമായി താമസിപ്പിക്കുക എന്നതായിരുന്നു തന്റെ ചുമതലയെന്ന് സിറാജുദ്ദീന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് അടുത്തദിവസം ശ്രീനിവാസന്റെ കൊലയുണ്ടായതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഏപ്രില്‍ പതിനാറിന് മേലാമുറിയിലെ കടയില്‍ കയറി മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുപ്പത്തി ഒന്‍പതുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. സിറാജുദ്ദീന്‍ കൂടി പിടിയിലായതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇരുപത്തി ആറായി.
