മംഗലംഡാം ഉദ്യാനത്തിൽ കാട്ടുപന്നികൾ വിഹരിക്കുന്നു
പൊന്തക്കാടുകള്‍ നിറഞ്ഞ മംഗലംഡാം
വിനോദസഞ്ചാര കേന്ദ്രത്തില്‍ കാട്ടുപന്നികളുടെ വിളയാട്ടം. പകല്‍സമയം പോലും പന്നികള്‍ ഉദ്യാന വഴിക്കു കുറുകെപാഞ്ഞ് ഭീതി പരത്തുന്നതായി പരാതി ഉയർന്നു. മംഗലംഡാം വിനോദസഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്കു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടുപന്നിക്കൂട്ടങ്ങള്‍. അധികൃതർ ഒരു നടപടിയുമെടുക്കുന്നില്ലെന്നതാണ് സഞ്ചരികളെ വലക്കുന്നത്. കുട്ടികളുടെ പാർക്കിനടുത്തും അഡ്വഞ്ചർ പാർക്കിലേക്കുള്ള വഴിയിലും ബംഗ്ലാക്കുന്നിലുമാണ് പന്നികള്‍ പെരുകുന്നത്.
എന്തെങ്കിലും അപകടം സംഭവിച്ച് നിലവിളിച്ചാല്‍പോലും ഇവിടെ ആരും കേള്‍ക്കാനില്ല. പൊന്തക്കാട് മൂടിയ പ്രദേശങ്ങളാണ് ഇവിടെയെല്ലാം.
ഞായറാഴ്ചപോലെ അവധി ദിവസങ്ങളിലാണ് കുടുംബസമേതം ഇവിടെ കുറച്ചു ആളുകളെങ്കിലും എത്തുന്നത്. മറ്റു ദിവസങ്ങളിലെല്ലാം സ്കൂള്‍, കോളജ് വിദ്യാർഥികളുടെ കടന്നുകയറ്റവും.
കുട്ടികളുടെ പാർക്കും ഈ പൊന്തക്കാടിനടുത്താണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങള്‍ വഴിയിലറങ്ങുന്നത് വലിയ അപകടങ്ങളുണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ടാർ റോഡിന്റെ വശങ്ങളെല്ലാം പന്നികള്‍ കുത്തിമറിച്ച് കൃഷിയിടങ്ങള്‍ പോലെയാണിപ്പോള്‍. വലിയവർക്കായുള്ള അഡ്വഞ്ചർ പാർക്ക് ആളുകള്‍ എത്താതെ അടച്ചിട്ടതോടെ ഈ ഭാഗങ്ങളിലും പന്നിക്കൂട്ടങ്ങളുടെ മാളങ്ങള്‍ നിറഞ്ഞു. നേരത്തെ കുടിവെള്ള ടാങ്കുകളുടെ നിർമാണ പ്രവൃത്തികള്‍ നടന്നിരുന്നതിനാല്‍ തൊഴിലാളികളും വാഹന ഓട്ടവുമായി പന്നിശല്യത്തിനു കുറവുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ടാങ്ക് നിർമാണം പൂർത്തിയായതോടെ പ്രദേശമാകെ പൊന്തക്കാട് മൂടി ഭീതിപ്പെടുത്തുന്ന സ്ഥിതിയിലായി. തീറ്റതേടി പന്നിക്കൂട്ടങ്ങള്‍ മംഗലംഡാം ടൗണിലും എത്തുന്നുണ്ടെന്നു പരിസരവാസികള്‍ പറയുന്നു.
ഉദ്യാനനവീകരണം നടത്തിയില്ലെങ്കിലും പൊന്തക്കാടുകള്‍ വെട്ടിത്തെളിയിച്ച് ആളുകള്‍ക്കു പേടികൂടാതെ ഉദ്യാനത്തില്‍ നടക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
.