ഹോട്ടൽ ഇൻസ്‌പെക്ഷൻ നടത്തി
സംസ്ഥാന ആരോഗ്യ വകുപ്പ്,ആരോഗ്യ ജാഗ്രത -2024, ജലജന്യ രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി ജില്ല മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നെല്ലിയാമ്പതി പ്രദേശത്തെ ഭക്ഷണം പാചകം ചെയ്തു വിൽക്കുന്ന ഹോട്ടലുകളിൽ പൊതുജനാരോഗ്യ പ്രവർത്തകർ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ഭക്ഷണം പാചകം ചെയ്യുന്നവർക്ക് പകർച്ചവ്യാധികൾ ഇല്ലെന്നു ഉറപ്പുവരുത്തുന്നതിനുള്ള ഹെൽത്ത് കാർഡ് ഉണ്ടോയെന്നും,ഭക്ഷണം പാചകം ചെയ്തു സൂക്ഷിക്കുന്ന സ്ഥലം വൃത്തിയുള്ളതാണോയെന്നും, ഹോട്ടലും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ടോയെന്നും, കച്ചവടം നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലൈസൻസ് എടുത്തിട്ടുണ്ടോയെന്നും, മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നുണ്ടോയെന്നും, കുടിവെള്ളം വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്നുള്ള കാര്യങ്ങൾക്കാണ് പരിശോധനയിൽ മുൻഗണന നൽകിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടെത്തിയ പുലയംപറ, തേനിപാടി പ്രദേശങ്ങളിൽ രണ്ട് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കണ്ടെത്തിയ പോരായ്മകളും, നിർദ്ദേശങ്ങളും രേഖപെടുത്തിയ നോട്ടീസ് നൽകി. നെല്ലിയാമ്പതി പ്രാഥമികരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ആരോകിയം ജോയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഫ്സൽ. ബി, സൈനു സണ്ണി, രമ്യ. എസ് എന്നിവർ അടങ്ങിയ സംഘമാണ് മിന്നൽ പരിശോധന നടത്തിയത്.വരും ദിവസങ്ങളിൽ മുഴുവൻ ഹോട്ടലുകളിലും പരിശോധന തുടരുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq