തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സ്റ്റാഫ് നേഴ്സ് സെൽവിൻ ശേഖറിന്റെ അവയവങ്ങൾ കൊച്ചിയിലെത്തിച്ചു. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരിനാരായണനുവേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കാണ് ദാനം നൽകുന്നത്.
10:20-ഓടുകൂടിയാണ് തിരുവനന്തപുരത്ത് നിന്നും സർക്കാർ ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പറന്നുയർന്നത്. 11.12-ന് ഹെലികോപ്ടർ കൊച്ചിയിലെത്തി. ഹെലികോപ്ടറിൽ നിന്ന് അവയവങ്ങളടങ്ങിയ ബോക്സുകൾ കൈപ്പറ്റിയ ജീവനക്കാർ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിലേക്ക് പോവുകയായിരുന്നു. ഇവിടെ നിന്നും റോഡ് മാർഗമാണ് അവയവങ്ങൾ ആശുപത്രിയിലെത്തിച്ചത്.
ലിസി ആശുപത്രി വരെയുള്ള ഗതാഗതം പൂർണമായി നിയന്ത്രിച്ചുകൊണ്ടാണ് അവയവങ്ങൾ ലിസി ആശുപത്രിയിലെത്തിച്ചത്. 2.30 മിനിറ്റ് സമയത്തിനുള്ളിൽ ഹൃദയം ലിസി ആശുപത്രിയിലെത്തിക്കാനായി. പത്ത് മിനിറ്റുകൊണ്ട് തന്നെ അവയവങ്ങൾ ആസ്റ്റർ മെഡിസിറ്റിയിലെത്തിക്കാനാകും. ആസ്റ്ററിലേക്കുള്ള റോഡിലും പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കായംകുളം സ്വദേശിയായ ഹരിനാരായണന്റെ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങൾ നേരത്തെ തന്നെ ലിസി ആശുപത്രിയിൽ ആരംഭിച്ചിരുന്നു. ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ശസത്രക്രിയ നടത്തുന്നത്.
28-ാമത് ഹൃദയ ശസ്ത്രക്രിയയാണ് ലിസി ആശുപത്രിയിൽ നടക്കുന്നത്. ഹെലികോപ്ടറിലെത്തിച്ച് ഇതേ രീതിയിൽ ആറ് ശസ്ത്രക്രിയകൾ നടന്നിരുന്നു. അവയെല്ലാം വിജയകരമായിരുന്നു.
36 വയസ്സുള്ള സെൽവിൻ ശേഖർ സ്റ്റാഫ് നഴ്സാണ്. കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ. ഭാര്യ ഗീതയും സ്റ്റാഫ് നഴ്സാണ്. തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. കടുത്ത തലവേദന വന്നതോടെ അവിടത്തെ ആശുപത്രിയിലും നവംബർ 21-ന് കിംസിലും സെൽവിൻ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകൾ തുടരവേ നവംബർ 24-ന് മസ്തിഷ്ക മരണമടയുകയായിരുന്നു. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്. തുടർന്ന് രാത്രി തന്നെ എല്ലാ ക്രമീകരണങ്ങളും നടത്തുകയായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx