നെല്ലിയാമ്പതിയിൽ വനം വകുപ്പും പഞ്ചായത്തും തമ്മിൽ തർക്കം
നെല്ലിയാമ്പതി കൈകാട്ടിയിലുണ്ടായിരുന്ന 34 വർഷം പഴക്കമുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞ ദിവസം വനം വകുപ്പ് പൊളിച്ചു നിൽക്കുന്നതിനെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഇടപെട്ട് തടഞ്ഞു. വർഷങ്ങൾക്കു മുമ്പ് ലയൺസ് ക്ലബ്ബ് കൈകാട്ടി നെന്മാറ റോഡിൽ നിർമ്മിച്ച നൽകിയ ബസ് കാത്തിരിപ്പ് കെട്ടിടത്തെ ചൊല്ലിയാണ് തർക്കം. നെല്ലിയാമ്പതിയിലെ പഞ്ചായത്ത് ഓഫീസ്, ആശുപത്രി, വില്ലേജ് ഓഫീസ്, വനംവകുപ്പ് ഓഫീസ്, ടെലഫോൺ എക്സ്ചേഞ്ച്, ബാങ്ക് തുടങ്ങി നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന പ്രധാന കവലയായ കൈകാട്ടിയിൽ നിന്നും നെന്മാറയിലേക്ക് പോകുന്ന വഴിയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിലനിന്നിരുന്നത്.
കുറച്ചുവർഷമായി ബസ് കാത്തിരിപ്പ് കേന്ദ്രം ജീർണിച്ച അവസ്ഥയിലായിരുന്നു. റോഡരികിൽ പഴക്കം ചെന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞദിവസം വനം വകുപ്പ് പൊളിച്ചു മാറ്റാൻ തുടങ്ങിയതോടെയാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞത്. വകുപ്പുകൾ തമ്മിലുള്ള തർക്ക പരാതിയെ തുടർന്ന് പാടഗിരി പോലീസ് ഇടപെട്ട് ഭാഗികമായി പൊളിച്ച കെട്ടിടം അതേ നിലയിൽ നിർത്തിവച്ചു. ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗത്ത് 10 വർഷം മുൻപ് പഞ്ചായത്ത് വിനോദ സഞ്ചാരികൾക്കായി ടൂറിസം ഇൻഫർമേഷൻ കേന്ദ്രമായി നടത്തിയിരുന്നു. പിന്നീട് ചില സാങ്കേതിക കാരണം കൊണ്ട് പ്രവർത്തനം നിലച്ചുപോയിരുന്നു. കെട്ടിടം വനംവകുപ്പ് ഭൂമിയിൽ ആണെന്നും നവീകരിച്ച വനം ഇൻഫർമേഷൻ സെൻറർ സ്ഥാപിക്കാനാണ് നീക്കമെന്നും നെല്ലിയാമ്പതി വനംവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ പഞ്ചായത്ത് നടപ്പാക്കുന്ന പല പദ്ധതികൾക്കും വനം വകുപ്പ് തടസ്സം നിൽക്കുകയാണെന്ന് പഞ്ചായത്ത് ഭരണസമിതി നേതാക്കൾ പരാതിപ്പെട്ടു. പഞ്ചായത്ത് കെട്ടിടം നവീകരിക്കാൻ പോലും വനവകുപ്പ് അനുമതി നൽകിയില്ലെന്നതാണ് പരാതി.
കൂടാതെ പഞ്ചായത്ത് നടപ്പിലാക്കുന്ന റോഡ് വികസനം, കുടിവെള്ള വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കാൻ, വൈദ്യുതി ലൈൻ വിപുലീകരിക്കാൻ, ഗൃഹനിർമ്മാണം തുടങ്ങിയ പല പദ്ധതികൾക്കും വനം വകുപ്പ് സ്ഥലത്തിന്റെ ഉടമസ്ഥർ എന്ന പേരിൽ പല സ്ഥലങ്ങളിലും വികസന പ്രവർത്തനങ്ങൾ മുടക്കുന്നതായും പഞ്ചായത്ത് അംഗങ്ങൾ പരാതിപ്പെടുന്നു. എസ്റ്റേറ്റുകളിലെയും നിലവിലുള്ള സ്വകാര്യഭൂമിയിലെയും വ്യാപാര, താമസ കെട്ടിടങ്ങൾ പുതുക്കി പണിയുന്നതിന് പോലും വനം വകുപ്പ് തടസ്സം നിൽക്കുകയും നിർമ്മാണ സാമഗ്രികൾ നെല്ലിയാമ്പതിയിലേക്ക് എത്തിക്കുന്നതിന് പോത്തുണ്ടി ചെക്ക്പോസ്റ്റിൽ തടസ്സം നിൽക്കുന്നതായും പരാതി ഉയരുന്നു. നെല്ലിയാമ്പതിയിൽ സ്വകാര്യ ഭൂമിയില്ലെന്നും എസ്റ്റേറ്റുകളും തോട്ടങ്ങളും വനം വകുപ്പിന്റെ പാട്ട ഭൂമികളാണെന്നും ആയതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ അനുമതി വേണെന്നും വനം വകുപ്പ് അധികൃതരും പറയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l