മലയോര മേഖലകളിൽ തെങ്ങിൽ തേങ്ങയുണ്ടെങ്കിലും വിളവെടുക്കുന്നത് മലയണ്ണാൻ.ഒരു ഭാഗത്ത് ജനവാസമേഖലയില്‍ കൂട് കൂട്ടി ജനങ്ങളുടെ അരുമയായി മാറുമ്പോഴും മറുഭാഗത്ത് കേരകർഷകരെ കണ്ണീരിലാഴ്ത്തുകയാണ് മലയണ്ണാൻ.കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിലാണ് മലയണ്ണാൻ അതിഥിയായെത്തുന് ത്.
ഇവമൂലം കണ്ണീർക്കയത്തിലാണ് ഇവിടുത്തെ കേരകർഷകർ. നാളികേരത്തിന് പൊന്നും വിലയാണെങ്കിലും വിളവെടുപ്പ് നടത്തുന്നത് മുഴുവൻ മലയണ്ണാന്മാരാണ്. വാഴക്കുല ഉള്‍പ്പെടെയുള്ള മറ്റ് കൃഷികള്‍ക്ക് നേരെയും ആക്രമണമുണ്ട്. തെങ്ങിലേക്ക് നോക്കിയാല്‍ നിറയെ തേങ്ങയാണെങ്കിലും തേങ്ങ കുഴിച്ച് ഇവ ഭക്ഷണമാക്കും.
ഗ്രാമങ്ങളിൽ നാളുകളേറെയായി തമ്പടിക്കുന്ന അണ്ണാന് മനുഷ്യരെ ഒട്ടും പേടിയുമില്ല. ആദ്യമൊക്കെ പടക്കം പൊട്ടിച്ചാൽ പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവർക്കത് ശീലമായി.മലയണ്ണാന്റെ വിസർജ്യം വീണ് തെങ്ങിന്റെ കായ്ഫലം കുറയുന്നുണ്ടെന്നും കർഷകർ പറയുന്നു. തേങ്ങ മുഴുവൻ ദ്വാരമിട്ട നിലയില്‍ തെങ്ങിൻ ചുവട്ടില്‍ വീണുകിടക്കുകയാണ്. മൂർച്ചയുള്ള കത്തി കൊണ്ട് വെട്ടിയാലും പ്രയാസമുള്ള ചിരട്ടയാണ് മലയണ്ണാൻ തുരക്കുന്നത്. തേങ്ങകളിലെ വെള്ളവും , കാമ്പും ഭക്ഷിച്ച് അവശിഷ്ടം താഴേക്ക് പറിച്ചിടും. തെങ്ങുകയറ്റ തൊഴിലാളികളും പട്ടിണിയിലാണ്. നേരത്തെ കാട്ടുപന്നികളുടെ ശല്യമായിരുന്നെങ്കില്‍ ഇപ്പോള്‍ മലയണ്ണാൻമാരുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അധികൃതർ ഇടപെട്ട് വന്യജീവിശല്യം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
സസ്തനി
വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് മലയണ്ണാൻ