മഴ ആരംഭിച്ചിരിക്കുന്നു. ഇടിമിന്നലുകളും കാറ്റും യഥേഷ്ടം വന്നുപോയിക്കൊണ്ടിരിക്കും. കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭങ്ങളാണ് ഇനി വരാന്‍ പോകുന്നത് .
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം പ്രകടമായാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലുകളും വാതിലുകളും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
വീടിന്റെ ഉള്‍ഭാഗത്ത് തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതെ ഇരിക്കാന്‍ ശ്രമിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
വാഹനത്തിനുള്ളിലാണെങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയങ്ങളില്‍ ഇറങ്ങരുത്.
പട്ടം പറത്തുവാന്‍ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഇരിക്കണം.
ഇടിമിന്നലുള്ള സമയത്ത് പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി പത്തു വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം.
മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതമുണ്ടാകുകയോ ചെയ്യാം.
മിന്നലേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്ന് തിരിച്ചറിയുക. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. മിന്നലേറ്റാല്‍ ജീവന്‍ രക്ഷിക്കുന്നതിന് ആദ്യത്തെ 30 സെക്കന്‍ഡുകള്‍ നിര്‍ണായകമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മഴക്കാര്‍ കാണുമ്പോള്‍ അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും തുറസായ സ്ഥലത്തേക്ക് പോകുന്നതും ഒഴിവാക്കണം. പ്രത്യേക സംരക്ഷണ സംവിധാനങ്ങള്‍ ഘടിപ്പിക്കാത്ത ടെലഫോണുകള്‍ കൈകാര്യം ചെയ്യുന്നത് ആപത്തുകള്‍ ക്ഷണിച്ചുവരുത്തും
പ്രാഥമിക ശുശ്രൂഷകൾ
മിന്നൽ ആഘാതത്താൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഹൃദയ ശ്വാസകോശ സ്തംഭനമാണ് പ്രധാന മരണകാരണം. നേരിട്ടുള്ള ആഘാതം പൊള്ളൽ എന്നിവയിലൂടെ മരണമുണ്ടാകുന്നത് കുറവാണ്. കൃത്രിമശ്വാസോച്ഛ്വാസം നൽകുന്നതിലൂടെ മിന്നൽ ആഘാതമേറ്റവരെ മരണത്തിൻെറ പിടിയിൽ നിന്നും നമുക്കു രക്ഷിക്കാൻ സാധിക്കും.
ഒരാൾ കുഴഞ്ഞുവീണ ഉടനെ അയാളെ സമീപിക്കുന്നതിനു മുൻപ് നമുക്ക് എന്തെങ്കിലും രീതിയിലുള്ള അപകടം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുക. അങ്ങനെ ഒരു സാധ്യതയുണ്ടെങ്കിൽ അത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
സുരക്ഷിതമായ സ്ഥലത്ത് രോഗിയെ മലർത്തി കിടത്തി ഇറുകിയ വസ്ത്രങ്ങൾ ആണെങ്കിൽ അവ നീക്കുക. രോഗിയുടെ രണ്ട് തോളെല്ലിലും ശക്തിയായി തട്ടിവിളിച്ച് രോഗി പ്രതികരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. പ്രതികരിക്കുന്നില്ലെങ്കിൽ ഉടനടി ആംബുലൻസ് വിളിച്ച് രോഗിയെ ആശുപത്രിയിൽ എത്തിക്കുക. ഇതിനിടയിൽ രോഗി ശ്വാസം എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ ഉടനടി ഹൃദയ പുനരുജ്ജീവന പ്രക്രീയ (CPR cardio pulmonary Resuscitation ) ആരംഭിക്കുക.
മിന്നലേറ്റ രോഗിക്ക് പൊള്ളലാണ് കൂടുതലായി ഉള്ളതെങ്കിൽ പൊള്ളലേറ്റ ഭാഗം സാധാരണ ജലത്തിൽ കഴുകുക. പൊള്ളലേറ്റ ഭാഗത്തെ വസ്ത്രങ്ങൾ ബലമായി വലിച്ചു അഴിക്കരുത്. ബോധമുള്ള രോഗിയാണെങ്കിൽ കുടിക്കാൻ ധാരാളം വെള്ളം നൽകുക. എത്രയും പെട്ടന്ന് അടുത്ത ആശുപത്രിയിൽ എത്തിക്കുക.
പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നത് താഴെ click ചെയ്യുക
https://chat.whatsapp.com/HdkMvnTRf2D2zllFHpPFrW