നാലുവർഷമായി നവീകരണം മുടങ്ങിക്കിടക്കുന്ന വടക്കഞ്ചേരിയിലെ റോഡുകൾ കഴിഞ്ഞദിവസങ്ങളിൽ പെയ്ത്‌ത കനത്തമഴയിൽ പൂർണമായി തകർന്നു. വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാർഡിലുൾപ്പെടുന്നതാണ് ഈ പാതകൾ.
വടക്കഞ്ചേരി-പുഴയ്ക്കലിടം റോഡ്, നായരുകുന്ന്-കണ്ടപ്പാടം റോഡ്, താണിക്കുണ്ട്- തിരുവറ റോഡ്, എ.വി.എൽ.പി. സ്കൂൾ റോഡ് തുടങ്ങിയവയാണ് തകർന്നത്. സ്കൂൾറോഡിൻ്റെ ടാറിങ് പൂർണമായും ഒഴുകിപ്പോയി. സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർഥികളുടെ യാത്ര ദുരിതത്തിലാകും.
ഓരോ മഴക്കാലത്തും റോഡിന്റെ കുറച്ചുഭാഗങ്ങൾ തകരുക പതിവായിരുന്നു. റീടാറിങ് നടത്തി റോഡ് നവീകരിക്കണമെന്ന് പ്രദേശവാസികൾ ഗ്രാമപ്പഞ്ചായത്തധികൃതരോട് ആവശ്യപ്പെടാറുണ്ടെങ്കിലും നടപടിയുണ്ടായില്ല. ഈവർഷം ജൽജീവൻമിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായി റോഡരികിൽ ചാലെടുത്തതും തകർച്ചയുടെ ആക്കംകൂട്ടി.
റോഡ് നവീകരിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്താനാണ് തീരുമാനമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി.കെ. ഗുരു പറഞ്ഞു.
റോഡ് നവീകരണത്തിനായി ഗ്രാമപ്പഞ്ചായത്ത് തുക അനുവദിച്ചിട്ടുണ്ടെന്നും കരാർ നടപടി പൂർത്തിയാക്കി ജോലി ആരംഭിക്കുമെന്നും പ്രസിഡന്റ് ലിസ്സി സുരേഷ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് അനുവദിച്ചതുകൂടാതെ എം.എൽ.എ. ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ കൂടി റോഡ് നവീകരണത്തിന് അനുവദിച്ചട്ടുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx