
തൃശൂർ ; പത്തുമാസം പൊതുനിരത്തിൽ ഒളിച്ച് കിടന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയിൽ ക്യാപ്റ്റൻ ആയിരുന്ന പൂത്തോൾ സ്വദേശി 2024 ജനുവരിയിലാണ് അയ്യന്തോൾ കളക്ടറേറ്റിലേക്ക് സ്കൂട്ടർ ഓടിച്ചുപോയത്. എന്നാൽ തിരിച്ച് വീട്ടിൽ വന്നത് സ്കൂട്ടറില്ലാതെയായിരുന്നു. കുറച്ചുകാലമായി മറവി രോഗമുള്ള മുൻ സൈനികൻ സ്കൂട്ടർ എവിടെയാണോ നിർത്തിയിട്ടത് എന്നത് മറന്നതാവാം എന്ന് ഭാര്യ അടക്കമുള്ള വീട്ടുകാർക്ക് സംശയം തോന്നിയിരുന്നു. ജനുവരിയിലാണ് അവസാനമായി സ്കൂട്ടറുമായി പുറത്തുപോയത്. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഒരു ഓർമ്മ മാത്രമേയുള്ളൂ. സ്കൂട്ടർ എവിടെ വെച്ചുവെന്ന് മുൻ സൈനികന് കൃത്യമായി ഓർത്തെടുക്കാനായിരുന്നില്ല.
ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയതാണോ എന്നതിലും വ്യക്തമല്ലായിരുന്നു. പലരും പറഞ്ഞത് പ്രകാരം വീട്ടുകാർ കലക്ടറേറ്റിലും പൊലീസിലും പരാതി നൽകി.പറ്റാവുന്ന മറ്റു രീതികളിലെല്ലാം അന്വേഷിച്ചു. പക്ഷെ കഴിഞ്ഞ പത്തു മാസമായി ഒരു വിവരവും ലഭിച്ചില്ല. സ്കൂട്ടർ മോഷ്ടിച്ചയാൾ സ്കൂട്ടറുമായി ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഉടമ കേസിൽ പെടും. അതിനിടക്ക് സ്കൂട്ടറിന്റെ ഇൻഷുറൻസ് കാലാവധിയും തീർന്നിരുന്നു. മോഷ്ടിച്ച സ്കൂട്ടർ ഏതെങ്കിലും അപകടത്തിൽ പെട്ടാൽ വലിയ നഷ്ടപരിഹാരവും നൽകേണ്ടിവരും. ഇതിന് കേസ് വേറെയും വരും എന്നതടക്കമുള്ള ആശങ്കയിലും ഭയത്തിലും, നിരാശയിലും ഉടമകൾ ഉഴലുമ്പോൾ ആണ് ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ സമയോചിത ഇടപെടൽ മൂലം തികച്ചും നടകീയമായി സ്കൂട്ടർ തിരിച്ചു കിട്ടിയത്.
ഏതാനും ദിവസം മുൻപ് ഒരു സ്കൂട്ടർ അനാഥമായി കലക്ടറേറ്റിന് പുറത്ത് മോഡൽ റോഡിന്റെ നടപ്പാതയിൽ കുറച്ച് മാസങ്ങളായി കാണുന്നതായി പരിസരത്തുള്ള കടയുടമ സേവിയർ, ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കലിനെ അറിയിച്ചത്. ജെയിംസ് മുട്ടിക്കൽ ഉടനെ തന്നെ സ്കൂട്ടറിന്റെ ഫോട്ടോയെടുത്ത് വിവരങ്ങൾ സഹിതം അയ്യന്തോൾ പാർക്ക് വാക്കേഴ്സ് ക്ലബിന്റേത് ഉൾപ്പെടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. വാക്കേഴ്സ് ക്ലബ് ഗ്രൂപ്പിൽ സ്കൂട്ടർ കണ്ട പൂത്തോൾ ‘കാവേരി’ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മുരളീധരനാണ് അയൽവാസിയുടെ സ്കൂട്ടർ തിരിച്ചറിഞ്ഞത്. മുരളീധരൻ ഇക്കാര്യം ഉടനെ ഉടമയെയും, ജെയിംസ് മുട്ടിക്കലിനെയും അറിയിച്ചു.
അയ്യന്തോളിൽ കലക്ടറേറ്റ് പരിസരത്തുള്ള മോഡൽ റോഡ് ഫുട്ട് പാത്തിൽ മാസങ്ങളായി ഉപയോഗിക്കാതെ, വെയിലും മഴയും ഏറ്റ് കിടന്നതിനാൽ ഓടിക്കാവുന്ന കണ്ടിഷനിൽ ആയിരുന്നില്ല സ്കൂട്ടർ. അതിനാൽ ഉടമകൾ സ്കൂട്ടർ ഗുഡ്‌സ് ഓട്ടോ റിക്ഷയിൽ കയറ്റിയാണ് പൂത്തോളിലെ വർക്ക് ഷോപ്പിൽ എത്തിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw
