വടക്കഞ്ചേരി; റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികള്‍ വാളയാർ മുതല്‍ വാണിയംപാറ വരെയുള്ള ഭാഗത്ത് പരിശോധന നടത്തി രണ്ടാഴ്ച പിന്നിടുമ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്ന പാതയോരത്തെ ഉയർന്ന പുല്ലും പാഴ്ചെടികളും വെട്ടിനീക്കല്‍പോലും നടത്തിയിട്ടില്ല.
ഇത്തരം മറവുകള്‍ ഉടനടി നീക്കുമെന്നായിരുന്നു അധികൃതർ അന്നു പറഞ്ഞിരുന്നത്. മംഗലം പാലത്തിനടുത്ത് ദേശീയപാതയിലേക്കു കയറുന്ന ബൈപാസ് റോഡില്‍ ഡ്രൈവർമാർക്ക് ദൂരക്കാഴ്ച കിട്ടാത്ത വിധമാണ് പൊന്തക്കാടുപോലെ പുല്ലുവളർന്നു നില്‍ക്കുന്നത്. ചില സമയങ്ങളില്‍ ഇവിടെ വലിയ വാഹനങ്ങളും നിർത്തിയിടും.
ഇതുദേശീയപാതയിലേക്കു കയറുന്ന വാഹനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ കാഴ്ച മറക്കുന്ന അപകടസ്ഥലങ്ങള്‍ ദേശീയപാതയുടെ മറ്റിടങ്ങളിലുമുണ്ട്.
ദേശീയപാത കൈയേറിയുള്ള വാഹന പാർക്കിംഗും കർശനമായി തടയുമെന്നു പറഞ്ഞിരുന്നെങ്കിലും അതും പഴയപടി തന്നെയാണ്.
പന്നിയങ്കര ടോള്‍പ്ലാസയുടെ ഇരുഭാഗത്തും അരകിലോമീറ്റർ ദൂരമാണ് ചരക്കുലോറികള്‍ ദേശീയപാതയില്‍ നിർത്തിയിടുന്നത്.
വാളയാർ മുതല്‍ വാണിയംപാറ വരെയുള്ള ദേശീയപാതയില്‍ മോട്ടോർവാഹനവകുപ്പ് അതാത് പരിധിയിലെ പോലീസ് ഉദ്യോഗസ്ഥർ, നാഷണല്‍ ഹൈവെ അഥോറിറ്റി എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് കഴിഞ്ഞ ഒക്ടോബർ 22 ന് സുരക്ഷാ പരിശോധന നടത്തിയത്. പന്തലാംപാടത്ത് രണ്ട് വിദ്യാർഥികള്‍ മരിച്ചതുള്‍പ്പെടെ ദേശീയപാതയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം വേണ്ടതായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാൻ കൂടിയായിരുന്നു പരിശോധന.
ശബരിമല തീർഥാടനകാലം ആരംഭിക്കാനിരിക്കെ തീർഥാടക വാഹനങ്ങളുടെ തിരക്കുകൂടി പരിഗണിച്ച് പ്രധാനപ്പെട്ട അപകട സ്പോട്ടുകളിലാണ് പരിശോധന നടന്നിരുന്നത്.
ദേശീയ പാതയിൽ പ്രധാന റോഡിനോട് ചേർന്ന് പുല്ല് വളർന്ന നിലയിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq