റബറിന്‍റെ വിലയിടിവ്; തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തു ചർച്ചയാകുന്നില്ലെന്നു റബർ കർഷകർ.

Share this News


വടക്കഞ്ചേരി; റബർവിലയിടിവിലും വിപണിയിലെ അനിശ്ചിതത്വത്തിലും ആയിരക്കണക്കിന് കർഷകകുടുംബങ്ങളും മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികുടുബങ്ങളുംദുരിതമനുഭവിക്കുമ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു റബറിന്‍റെ വിലയിടിവ് ചർച്ചയാകുന്നില്ലെന്നു റബർകർഷകർ.
      ഉപതെരഞ്ഞെടുപ്പു നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും നിയമസഭാ മണ്ഡലങ്ങളായ ചേലക്കരയിലും പാലക്കാട്ടും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര -സംസ്ഥാന സർക്കാർ പ്രതിനിധികളുമൊക്കെ റബർകർഷകരുടെ പ്രശ്നങ്ങള്‍ക്കു യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ലെന്നും ഇത് ചർച്ചയാക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.
     കര്‍ഷകരെ നിരാശയിലാക്കി റബര്‍വില വീണ്ടും താഴേക്ക് പോകുന്നു.നിലവില്‍ 170 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
15 വർഷത്തെ ഇടവേളയ്ക്ക് ശേഷം റബർ വില കിലോയ്ക്ക് 255 രൂപയില്‍ എത്തിയപ്പോള്‍ ആശ്വാസം പൂണ്ട റബർ കർഷകരെ നിരാശയിലാക്കിയാണ് വീണ്ടും വിലയിടിവ്.
റബറിന്റെ വിളവെടുപ്പ് സീസണിൽ  ഉണ്ടായ വിലത്തകർച്ച കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.  കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉല്‍പാദനം കുറയുമ്പോഴും വില വർദ്ധനയില്‍ പിടിച്ചു നില്‍ക്കാമെന്ന് കരുതിയ കർഷകർ ഇപ്പോള്‍ ദുരിതത്തിലായി. ടാപ്പിംഗ് നിറുത്തി വച്ചിരുന്ന പല തോട്ടങ്ങളും റബർ വില വർദ്ധനയില്‍ പ്രതീക്ഷയർപ്പിച്ച്‌ മരുന്ന് അടിച്ച്‌ റെയിൻ ഗാർഡ് ഇട്ടെങ്കിലും ഇതിനു ചെലവാക്കിയ തുക പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ്. റബർ വില കൂടുമെന്ന പ്രതീക്ഷയില്‍ വായ്പയെടുത്ത് റബർ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരും സങ്കടത്തിലാണ്.

    കഴിഞ്ഞ ജൂണ്‍ 10നാണ് റബർ വില 200 കടന്നത്. ആഗസ്റ്റ് 9ന് സർവകാല റെക്കാർഡായ 255 രൂപയിലെത്തി. ആഗസ്റ്റ് അവസാന വാരം 225 രൂപ വരെയെത്തിയ റബ‌ർ സെപ്തംബർ ആദ്യവാരം വില കുത്തനെ ഇടിഞ്ഞ് 155 രൂപയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പടിപടിയായി വില ഉയ‌ർന്ന് സെപ്തംബ‌ർ പകുതിയോടെ 225 രൂപയില്‍ തിരിച്ചെത്തി. എന്നാല്‍ അതിനു ശേഷം വില വീണ്ടും താഴേക്കാണ്. നിലവില്‍ 170 രൂപയാണ് ശരാശരി വില.  സംസ്ഥാന സർക്കാരിന്റെ വില സ്ഥിരത ഫണ്ട് 250 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

    റബർ വില ഉയർന്നതിനെ തുടർന്ന് ടാപ്പിംഗ് തൊഴിലാളികള്‍ കൂലി വർദ്ധിപ്പിച്ചതായും കർഷകർ പറയുന്നു.

    തുടർച്ചയായ വിലയിടിവുമൂലം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ കഷ്ടപ്പാടുകളിലും കടക്കെണിയിലുമാണ് കർഷകരെല്ലാം. റബർകർഷകരുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുകയും പ്രശ്നത്തില്‍  രാഷ്ട്രീയപാർട്ടികളും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളും പൊതുസമൂഹത്തിന് മുന്നിൽ പ്രതികരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!