All News

കാട്ടുപന്നി നിർമാർജനം  ഫലപ്രദമായില്ല. കാട്ടുപന്നികൾ നാട്ടിൽ വിഹരിക്കുന്നു

Share this News



 

കാട്ടുപന്നിയെ  വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കി നാലുവർഷമായെങ്കിലും കാട്ടുപന്നി നിർമാർജനം ഫലപ്രദമായി നടപ്പിലായില്ല. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായെങ്കിലും അധികൃതർ ചെവികൊള്ളിന്നില്ലെന്ന് കർഷകർ.
വനം അധികൃതർ വർഷങ്ങളോളം നിബന്ധനകൾ വച്ച് നിയമങ്ങൾ ഉണ്ടാക്കി തടസ്സങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നതിനാൽ കൃഷിയിടങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും കാട്ടുപന്നി നിർമാർജ്ജനം എവിടെയും എത്തിയില്ല. ഷേക്സ്പിയർ നാടകത്തിലെ ഷൈലോക്കിനോട്  രക്തം വരാതെ മാംസം അറുത്തെടുക്കാൻ നിബന്ധന വച്ച പോലെയാണ് വെടിവെച്ചു കൊല്ലാൻ ഉള്ള നിർദ്ദേശം.  വെടിവെച്ചു മാത്രമേ കൊല്ലാവു, വിഷം, വൈദ്യുതി, കെണി, കുരുക്ക്, എന്നിവ വച്ച് കാട്ടുപന്നികളെ കൊല്ലാൻ പാടില്ല. കൊല്ലാൻ അനുമതി എങ്കിൽ ഏതുവിധേനയും കൊന്നു കൂടെയെന്ന് കർഷകർ. ഗർഭിണിയായ കാട്ടുപന്നിയെ വെടി വയ്ക്കരുത്, കുട്ടികളുള്ളവയെ  വെടി വയ്ക്കരുത്, കൃഷിയിടത്തിൽ നിന്നു മാത്രം വെടിവയ്ക്കണം, വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യം  തുടങ്ങി ഒരു കൂട്ടം നടപ്പാക്കാൻ കഴിയാത്ത നിബന്ധനകളോടെ  കഴിഞ്ഞ 10 വർഷമായി  ഉത്തരവുകൾ മാറിമാറി ഇറക്കി കാട്ടുപന്നിയെ നിർമാർജനം ചെയ്യുകയല്ല  സംരക്ഷണം  ഏർപ്പെടുത്തുകയാണ് ഉണ്ടായത്. ഈ നിബന്ധനകൾ പാലിചുകൊണ്ട് കാട്ടുപന്നിയെ കൊല്ലുവാൻ കഴിയില്ലെന്ന വാസ്തവം വനം അധികൃതർക്ക് അറിയാം. നാട്ടിൻപുറങ്ങളിലും കൃഷിയിടങ്ങളിലും കാട്ടുപന്നികൾ കർഷകരെയും പൊതുജനങ്ങളെയും ആക്രമിക്കുകയും കുറെ മരണവും നിരവധി പേർക്ക് അംഗവൈകല്യവും ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് കർഷകപ്രക്ഷോഭം രൂക്ഷമായതോടെയാണ് വനം വകുപ്പ് മുൻ നിലപാടുകളിൽ അയവ്  വരുത്തി പന്നിയെ  വെടിവെച്ചുകൊല്ലാൻ 2020 ൽ ഉത്തരവിറക്കിയത്. വനം വകുപ്പിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുവാൻ തോക്കില്ലാത്തതും, പരിശീലനം ലഭിച്ച ജീവനക്കാർ ഇല്ലാത്തതും,  ലൈസൻസ് ഉള്ള തോക്ക് ഉടമകൾക്ക്  തോക്കിൽ ഉപയോഗിക്കുന്ന തിരയും,  ഷൂട്ടർമാരെ  വാഹനത്തിൽ കയറ്റി കൊണ്ടുപോകാനുള്ള ചെലവും  ചെറിയൊരു തുക വേതനവും നൽകാൻ ഫണ്ടില്ലെന്ന മറവിൽ  ഒരു വർഷത്തിനുശേഷം പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തി വനം വകുപ്പ് കയ്യൊഴിഞ്ഞു. പകരം കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ  ലൈസൻസ് ഉള്ള ഷൂട്ടർമാരുടെ പാനൽ അതാത് ഡി. എഫ്. ഒ. മാർ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. 55 വയസ്സിൽ താഴെ പ്രായമുള്ള ലൈസൻസ് ഉള്ള ഷൂട്ടർമാർ നാമമാത്രം. ലൈസൻസ് ഉള്ള ഷൂട്ടർ മാരെ വയ്ക്കുവാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയെങ്കിലും പഞ്ചാത്തുകൾ ഒരാളെയും ഉൾപ്പെടുത്തുന്നില്ല. നിലവിലുള്ള ഷൂട്ടർമാർക്ക് രാത്രികാലങ്ങളിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ കാഴ്ച, ആരോഗ്യം, രാത്രി സമയങ്ങളിൽ വെടിവെക്കാനുള്ള യാത്ര, തുടങ്ങി നൂറുനൂറ് പ്രശ്നങ്ങൾ. മൂന്നും നാലും പഞ്ചായത്തുകൾക്കായി ഒന്നോ രണ്ടോ ഷൂട്ടർമാർ മാത്രം. കൃഷിയിടങ്ങളിൽ ഇവർക്ക് എത്തിച്ചേരാൻ വാഹന സൗകര്യം പഞ്ചായത്തുകൾ ഏർപ്പെടുത്തിയില്ല, തോട്ടയും, യാത്രാ ചെലവും പഞ്ചായത്തുകൾ നൽകുമെന്ന് വനം വകുപ്പ് പറഞ്ഞ്  കയ്യൊഴിഞ്ഞു. പഞ്ചായത്തുകൾ ഫണ്ട് ഇല്ലെന്ന് കാരണത്താൽ രാത്രി അലഞ്ഞു നടക്കുന്ന ഷൂട്ടർമാർക്ക് യാത്രാ ചെലവ് പോലും നൽകുന്നില്ല. അവസാനം സ്വന്തം ചെലവിൽ കർഷകർ ഷൂട്ടർമാരെ വാഹനത്തിൽ കയറ്റി കൊണ്ടുവന്ന വെടിവെച്ചു കൊല്ലേണ്ട സ്ഥിതിയായി. സാമ്പത്തിക ചെലവ് ആലോചിച്ച് പല കർഷകരും ഷൂട്ടർമാരുടെ സേവനം തേടാതെ കാവൽ ഇരുന്നും വരമ്പുകളിൽ കമ്പികൾ വലിച്ചുകെട്ടിയും സാരി തുണി എന്നിവ വലിച്ചുകെട്ടി പരമ്പരാഗത പരീക്ഷണങ്ങൾ നടത്തി ഫലം കാണാതെ സ്വയം പഴിച്ച് സമയം കളയുകയാണ്.  ഇതിലും വിചിത്രമാണ് കാട്ടുപന്നിയെ  വെടിവെച്ചു കൊല്ലുന്നതിലെ നിബന്ധനകൾ. കാട്ടുപന്നിയുടെ  മാംസം ഉപയോഗിക്കരുത്,  വനം  വകുപ്പ് നിഷ്കർഷിച്ച രീതിയിൽ ജഡം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടണം. എന്നാൽ ചെലവ് പഞ്ചായത്തും വനം വകുപ്പും വഹിക്കില്ല. വെടിവെച്ചുകൊന്ന പന്നിയുടെ മാംസം വനം വകുപ്പ് തൂക്കം കണക്കാക്കി വിറ്റാൽ സർക്കാറിന് വരുമാനമാകുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതിനു വിപരീതമായി  മണ്ണിനും കാർഷികവിളകൾക്കും ദോഷമാകുന്ന മണ്ണെണ്ണ മണ്ണിൽ ഒഴിക്കണം എന്നു പറയുന്നത്. മണ്ണെണ്ണ ലഭ്യമല്ലാത്ത കാലത്ത്  ഇതിനായി ഒരു പന്നിയെ  കുഴിയെടുത്ത് കുഴിച്ചുമൂടാൻ കർഷകന് ആയിരത്തിലേറെ രൂപ ചെലവ് വരും. കൂടാതെ സ്വന്തം ചെലവിൽ അടുത്ത പഞ്ചായത്തിൽ നിന്നൊ ദൂരസ്ഥലങ്ങളിൽ നിന്നും  രാത്രി ഷൂട്ടർമാരെ കൊണ്ടുവരേണ്ട ചെലവും കർഷകർ വഹിക്കേണ്ട സ്ഥിതിയാണ്. വെടിവെപ്പുകാർ  ഒരു ദിവസം വന്നാൽ ചിലപ്പോൾ പന്നിയെ കണ്ടാലും വനം വകുപ്പ്  നിബന്ധന പ്രകാരം വെടിവയ്ക്കാൻ ലഭിക്കണമെന്നില്ല. വെടി ഏറ്റ പന്നി കൃഷിയിടത്തിൽ വീണ് ചാകണമെങ്കിൽ ശ്വാസകോശത്തിലോ, ഹൃദയത്തിലോ, തലച്ചോറിലോ, വെടിയേറ്റാൽ മാത്രമേ ചാവുകയുള്ളൂ. നാലുവർഷമായിട്ടും കാട്ടുപന്നി നിർമ്മാർജ്ജനം എങ്ങും എത്തിയില്ല. നാട്ടിൻപുറത്ത് ഉൾപ്പെടെ കാട്ടുപന്നി ശല്യം രൂക്ഷമായി. ഇരുചക്ര വാഹന യാത്ര മുതൽ  കിഴങ്ങ് വർഗ്ഗ വിളകൾ വരെ നാട്ടിൽ നിന്ന് അപ്രത്യക്ഷ്യമായി. കൃഷി വകുപ്പ്, വനം വകുപ്പ്, പഞ്ചായത്ത്, സർക്കാർ എന്നിവർ ഇക്കാര്യത്തിൽ വേണ്ട ശുഷ്കാന്തി കാണിക്കുന്നില്ല. ക്ഷുദ്രജീവി എന്നതിൽ അപ്പുറം പൊതു സമൂഹത്തെ ഭീതിയിലാക്കുന്ന ജീവിയായി മാറിയിട്ടും മൃഗസ്നേഹമാണോ കാർഷിക മേഖലയുടെ നാശമാണോ സർക്കാർ ലക്ഷ്യം എന്ന് വ്യക്തമാകുന്നില്ല. 2021ൽ  വനം വകുപ്പ് വെടിവെച്ചു കൊന്ന കാട്ടുപന്നികളുടെ കണക്കു മാത്രമേ ഇപ്പോഴും അധികൃതരുടെ കയ്യിലുള്ളൂ. പഞ്ചായത്തിനെ  ഏൽപിച്ച ശേഷം എത്ര കാട്ടുപന്നികളെ വെടിവെച്ചുകൊന്നു എന്നതിന്റെ കണക്ക് പഞ്ചായത്തിലും വനം വകുപ്പിന്റെ കൈയിലും ഇല്ല. ഏതുവിധേനയായാലും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകിയതിനു ശേഷം നൂറ് ഇരട്ടി കാട്ടുപന്നികൾ നാട്ടിൻപുറത്ത് വർദ്ധിച്ചതായാണ് കാർഷിക ഗ്രാമീണ മേഖലയിലുള്ളവർ പറയുന്നത്. ഛത്തീസ്ഗഡ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് എലി, പെരുച്ചാഴി എന്നിവയെ  കൊല്ലുന്ന രീതിയിൽ ഏതു രീതിയിലും കൊല്ലാൻ അനുമതി നൽകിയിരിക്കുന്ന കാലത്താണ്. കേരളത്തിൽ കാട്ടുപന്നിയെ കൊല്ലുന്നതിന്  നിബന്ധനകൾ വച്ച് വിള സംരക്ഷണത്തിന് തടസ്സം നിൽക്കുന്നത്. ഷൂട്ടർമാരുടെ ദൗർലഭ്യം പരിഹരിക്കാൻ കർഷകർക്ക് പുതിയ തോക്കുകൾക്ക് ലൈസൻസ് നൽകുകയും, നിലവിലുള്ള തോക്കുകൾ ലൈസൻസ് പുതുക്കി നൽകുകയും ചെയ്താൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ ഷൂട്ടർമാരുടെ കുറവ് ഒരു പരിധിവരെ പരിഹരിക്കാം. കാട്ടുപന്നി നിർമാർജനത്തിലൂടെ ചേമ്പ്, ചേന, കപ്പ, മധുരക്കിഴങ്ങ് തുടങ്ങി കിഴങ്ങുവർഗ്ഗവിളകൾ, വാഴ, നെല്ല്, പച്ചക്കറികൾ എന്നിവ ഗ്രാമീണ കാർഷിക മേഖലകളിൽ വ്യാപകമായി വീണ്ടും കൃഷി ചെയ്തു തുടങ്ങും തന്മൂലം ഇത്തരം വിളകൾക്ക് അടുത്തിടെയായി ഉണ്ടായ ഇരട്ടി വിലവർധനയ്ക്ക് പരിഹാരവുമാകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!