ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ക്കുള്ള ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും പോരായ്മകള്‍ പരിഹരിക്കാന്‍ കൃത്യമായ ഇടപെടലുകള്‍ വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ഹരിതകര്‍മ്മസേനയുടെ യൂസര്‍ഫീ കളക്ഷന്‍, വരുമാന വര്‍ധനവ്, പ്രവര്‍ത്തനങ്ങള്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന വടകരപ്പതി, കൊടുമ്പ്, മരുതറോഡ്, പാലക്കാട് നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന അംഗങ്ങളെ ആദരിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍ അധ്യക്ഷനായി. യൂസര്‍ ഫീ കളക്ഷന്‍ 100 ശതമാനമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഫീല്‍ഡ് തലത്തില്‍ പരിശോധന നടത്തുന്നതിനുള്ള ഇടപെടലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി ഹരിതകര്‍മ്മസേനയുടെ ചുമതലകള്‍ വിശദീകരിച്ചു. ക്യാമ്പയിന്റെ രണ്ടാംഘട്ടത്തില്‍ 100 ശതമാനം തരംതിരിക്കലിന് പ്രാധാന്യം നല്‍കണമെന്നും എല്ലാ വീടുകളില്‍ നിന്നും 100 ശതമാനം അജൈവ മാലിന്യങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന വിവിധ സെഷനുകളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.കെ ഹമീദ ജലീസ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ്, സി. ദീപ, ശ്രീജിത്ത് തുടങ്ങിയവര്‍ ക്ലാസെടുത്തു. പരിപാടിയില്‍ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx