ജനവാസ മേഖലകളിൽ സ്ഥിരമായി അനുഭവപ്പെടുന്ന വന്യമൃഗ ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ) വാഹന ജാഥയും, ധർണയും നടത്തി. ആലത്തൂർ നെല്ലിയാമ്പതി വനം റേഞ്ചിന് കീഴിലുള്ള മലയോര മേഖലകളിലെ കർഷകരും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരുമാണ് ധർണയിൽ പങ്കെടുത്തത്. നൂറോളം വാഹനങ്ങളിലായി മംഗലം കടപ്പാറയിൽ നിന്ന് ആരംഭിച്ച ജാഥ പൊൻകണ്ടം, ഒലിപ്പാറ, അടിപ്പെരണ്ട, കരിമ്പാറ മേഖലകളിലൂടെ സഞ്ചരിച്ചാണ് നെന്മാറ ഡി. എഫ്. ഒ. ഓഫീസിനു മുന്നിൽ എത്തിയത്. ഡി. എഫ്. ഒ. ഓഫീസിനു മുന്നിൽ ജാഥയെ പോലീസ് തടഞ്ഞു. തുടർന്ന് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം കിഫാ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. അതിജീവന സമിതി ജില്ലാ കോഡിനേറ്റർ ഫാ. സജി വട്ടുകളം വന്യമൃഗ ശല്യം മൂലം മേഖല അനുഭവപ്പെടുന്ന പ്രശ്നങ്ങൾ മുഖ്യപ്രഭാഷണത്തിൽ വിവരിച്ചു. കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവഞ്ചിറ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ബെന്നി ജോർജ്, സ്വാഗതം പറഞ്ഞു. ഭൂ സംരക്ഷണ സമിതി ചെയർമാൻ കെ ജി എൽദോ, എ. കെ. സി. സി. ഏരിയ പ്രസിഡന്റ് ബെന്നി എസ്. എൻ.ഡി.പി യോഗം പ്രതിനിധി സോമൻ കൊമ്പനാല്‍, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രതിനിധി ഹുസൈൻ കുട്ടി, കിഫ ജില്ലാ കമ്മിറ്റി അംഗം ചാർലി മാത്യു, ജോഷി പാലക്കുഴി, കർഷക സംരക്ഷണ സമിതി ചെയർമാൻ ചിദംബരംകുട്ടി മാസ്റ്റർ, അയിലൂർ പഞ്ചായത്ത് അംഗങ്ങളായ കെ. എ. മുഹമ്മദ് കുട്ടി, എസ്. വിനോദ്, വണ്ടാഴി പഞ്ചായത്ത് അംഗങ്ങളായ മോളി കവിയിൽ, ബീന, രമേശ് ചെവക്കുളം എന്നിവർ സംസാരിച്ചു.
ധർണ്ണ സമരത്തിന് ശേഷം കിഫ ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും ചേർന്ന് നെന്മാറ ഡി. എഫ്. ഒ. ക്ക് മലയോര മേഖലയിലെ കർഷകരുടെയും മറ്റും വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു.
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ്റെ (കിഫ) നേതൃത്വത്തിൽ നെന്മാറ ഡി. എഫ്.ഒ. ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
Share this News
Share this News