വള്ളിപ്പടര്‍പ്പിൽ ചക്കസമൃദ്ധിയെന്ന അത്ഭുതം
ചക്കയെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഫലമായി സർക്കാർ പ്രഖ്യാപിച്ചതോടെ വ്യത്യസ്ത രീതിയിലുള്ള ചക്കകൃഷിയും ഗവേഷണങ്ങളും വ്യാപകമായി. അതിന്റെ വിജയ മാതൃകയാണ് മംഗലംഡാം സെന്‍റ് സേവിയേഴ്സ് ഫൊറോന പള്ളി പരിസരത്തെ ചക്ക വിശേഷങ്ങള്‍. കന്നാസുകളിലും ഗ്രോബാഗുകളിലും പള്ളിമുറ്റത്തുമെല്ലാം കുഞ്ഞൻ പ്ലാവുകളില്‍ ചക്ക നിറയുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള കാഴ്ചകളാണ്.വിവിധ ഇനത്തിലുള്ള ചക്കസമൃദ്ധിയാണ് പള്ളിയങ്കണവും പരിസരവും വിസ്മയ കാഴ്ചയാക്കുന്നത്.
എന്നാല്‍ ഇക്കുറി ചക്കക്കാഴ്ചയുടെ മറ്റൊരുകൗതുകം കൂടിയുണ്ട് പള്ളിമുറ്റത്ത്.
വള്ളികള്‍ പടർത്തുന്നതുപോലെ വളർത്തുന്ന പ്ലാവിലും ഇക്കുറി ചക്ക നിറഞ്ഞിരിക്കുകയാണ്. ഒന്നുംരണ്ടുമല്ല എണ്ണാൻ പറ്റാത്തത്ര ചക്ക എന്നൊക്കെ വേണമെങ്കില്‍ പറയാം.ആറടിയോളം ഉയരത്തില്‍ ഇരുമ്പിന്‍റെ ആങ്ക്ളർ സ്ഥാപിച്ച് അതിലാണ് ഈ പ്ലാവിനെ പടർത്തി വളർത്തുന്നത്. പത്തടിയിലേറെ നീളത്തില്‍ പ്ലാവുതടി പടർന്നിട്ടുണ്ട്. ‘വിയറ്റ്നാം ഏർലി സൂപ്പർ’ എന്ന കുഞ്ഞൻ പ്ലാവിനമാണ്. പ്ലാവുകള്‍ക്കെല്ലാം ഇപ്പോള്‍ ആറുവർഷത്തോളം പ്രായമുണ്ട്.
അമ്പതും അറുപതും ചക്കകളുള്ള കുള്ളൻ പ്ലാവുകളും നിരവധി.പള്ളിക്കു ചുറ്റും സ്കൂള്‍ ഗ്രൗണ്ടിന്‍റെ അതിർത്തികളിലുമൊക്കെയായി ഇത്തരത്തിലുള്ള ഇരുന്നൂറിനടുത്ത് പ്ലാവുകളുണ്ട്.
കാലാവസ്ഥ ശരിയാകാത്തതിനാലാണ് അതല്ലെങ്കില്‍ ചക്ക ഇതിലും കൂടുതല്‍ ഉണ്ടാകുമായിരുന്നെന്ന് ഫൊറോന വികാരി പറഞ്ഞു.ദേവാലയത്തിന്‍റെ റൂബി ജൂബിലിയോടനുബന്ധിച്ചാണ് ചക്കകൃഷി വ്യാപനത്തിന് തുടക്കം കുറിച്ചത്.രൂപതാധ്യക്ഷനായിരുന്ന മാർ ജേക്കബ് മനത്തോടത്തിനൊപ്പം കർഷകശ്രേഷ്ഠരുമാണ് പ്ലാവിൻ തൈകള്‍ നട്ട് മംഗലംഡാമില്‍ പുതുചരിത്രത്തിന് തുടക്കംകുറിച്ചത്. മംഗലംഡാമിലെ അന്നത്തെ ഫൊറോന വികാരിയായിരുന്ന ഫാ. ചെറിയാൻ അഞ്ഞിലിമൂട്ടിലിന്‍റെ നേതൃത്വത്തിലായിരുന്നു ഇടവക സമൂഹത്തിന്‍റെ പ്ലാവുകൃഷി.
സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഫലമായി സർക്കാർ പ്രഖ്യാപിച്ചതോടെ മംഗലംഡാമിനെ ചക്കപ്പഴ ഗ്രാമമാക്കാനുള്ള ബ്രഹദ് പദ്ധതികളും തുടങ്ങി. ഇന്നിപ്പോള്‍ മംഗലംഡാമിലെ ഏതു വീട്ടുമുറ്റത്തും തോട്ടങ്ങളിലും ഒരു പ്ലാവെങ്കിലും കാണാമെന്നതാണ് നാടിന്‍റെ പ്രത്യേകത.ഈ ചക്ക പെരുമ കേട്ടറിഞ്ഞ് നിരവധി ആളുകളാണ് ഇവിടം സന്ദർശിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq