സംസ്ഥാനത്തെ ഏക കമ്മ്യൂണിറ്റി കോളേജിനുള്ള കെട്ടിട നിർമ്മാണം പാതിയിൽ നിലച്ചിട്ട് ആറുവർഷമായിട്ടും കുലുക്കമില്ലാതെ അധികൃതർ. അഞ്ച് കോടി രൂപ ചെലവിൽ കണക്കൻതുരുത്തി റോഡിൽ മണ്ണാംപറമ്പിലാണ് കോളേജിനുള്ള കെട്ടിടം നിർമ്മിക്കുന്നത്.
2018 ജൂൺ 16 നാണ് മണ്ണാംപറമ്പിൽ റവന്യൂവകുപ്പിന് അനുവദിച്ച സ്ഥലത്ത് കോളേജിനായി അന്നത്തെ മന്ത്രിയായിരുന്ന എ.കെ.ബാലൻ കെട്ടിട ശിലാസ്ഥാപനം നടത്തിയത്. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
നിർമ്മാണം ആരംഭിച്ചശേഷം ഒരു വർഷത്തോളം നിർത്തിവച്ച പ്രവൃത്തി ഇടക്കാലത്ത് പുനരാരംഭിച്ചെങ്കിലും കരാർ കമ്പനിയുടെ ബില്ലുകൾ പാസാക്കി പണം നൽകുന്നതിലെ കാലതാമസം തിരിച്ചടിയായി. ഇതോടെ കെട്ടിട നിർമ്മാണം പാതിവഴിയിലായി.
ഇടയ്ക്ക് കരാറുകാരൻ മാറി പുതിയ കരാർ കമ്പനി വന്നപ്പോൾ തുടക്കത്തിലുണ്ടായ വേഗത പിന്നീടുണ്ടായില്ല. രണ്ട് കോടിയിലേറെ രൂപ കരാർ കമ്പനിക്ക് നൽകാനുണ്ട്. പണം ലഭ്യമായാൽ ആറ് മാസം കൊണ്ട് മുഴുവൻ പണികളും പൂർത്തിയാക്കാമെന്നാണ് കരാർ കമ്പനി പ്രതിനിധികൾ പറയുന്നത്.
2012ൽ കോളേജ് ആരംഭിച്ചതു മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വടക്കഞ്ചേരി ടൗണിനടുത്ത് കിഴക്കഞ്ചേരി റോഡിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപത്തെ പഴയ കെട്ടിടത്തിലാണ് കോളേജിന്റെ പ്രവർത്തനം. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷനിസ്റ്റ് എന്ന കോഴ്സാണ് കോളേജിലെ ഐക്കൺ കോഴ്സ്. വാഹന നിർമ്മാണ കമ്പനിയിൽ മെഷനിസ്റ്റ് എന്ന പോസ്റ്റിലാണ് ഈ കോഴ്സ് കഴിഞ്ഞവർക്ക് ജോലി സാദ്ധ്യതയുള്ളത്.
കോളേജ് പ്രവർത്തിച്ചുവരുന്ന വാടക കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ ലക്ഷങ്ങൾ വിലമതിക്കുന്ന മെഷീനറികളെല്ലാം പൊടിമുടി ഉപയോഗശൂന്യമാകുന്നതായും പരാതിയുണ്ട്. രണ്ടു കോടിയിൽപരം രൂപ വിലമതിക്കുന്ന മെഷീനറികളാണ് കോളജിൽ കുട്ടികളുടെ പഠനത്തിനായുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx