ദേശീയപാത വികസനത്തിനായി 10 വർഷം മുമ്പ് പൊളിച്ച കനാൽ പുനർനിർമ്മിച്ചില്ല; നിർമ്മാണ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

Share this News


മെയിൻ കനാല്‍ പൊളിച്ചിട്ട് പത്തു വർഷമായിട്ടും കനാല്‍ പുനർ നിർമിച്ചില്ലെന്നു കാണിച്ച്‌ ദേശീയപാത നിർമാണ
കമ്പനിക്കെതിരേ ഇറിഗേഷൻ വകുപ്പ് കനാല്‍ വിഭാഗവും കർഷകരും മുഖ്യമന്ത്രിക്കു പരാതി നല്‍കി.മംഗലംഡാമില്‍ നിന്നുള്ള ഇടതു മെയിൻ കനാല്‍ ദേശീയപാത വികസനത്തിനായി ഹോട്ടല്‍ ഡയാനക്കു സമീപം പൊളിച്ചതു സംബന്ധിച്ചാണ് പരാതി. പാത വികസനത്തിനായി പത്തു മീറ്റർ ദൂരമാണ് മെയിൻ കനാല്‍ പൊളിച്ചത്.

ഉടൻ പുനർ നിർമിച്ചു നല്‍കുമെന്നു കളക്ടർ ഉള്‍പ്പെടെയുള്ളവർക്ക് കരാർകമ്പനി നല്‍കിയിരുന്ന ഉറപ്പിലായിരുന്നു മെയിൻ കനാലിനൊപ്പം 300 മീറ്ററോളം കാട കനാലുകളും ഇതിലെ രണ്ട് സ്ളൂയീസുകളും പൊളിച്ചത്.

എന്നാല്‍ പാതവികസനം കഴിഞ്ഞ് ടോള്‍ പിരിവു തുടങ്ങിയിട്ടും കനാല്‍ പുനർനിർമിക്കാൻ കരാർ കമ്പനി നടപടി സ്വീകരിക്കാത്തതാണ് കർഷകരുടെയും മറ്റും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. ഫ്ലൈഓവറിനു താഴെയാണ് കനാല്‍ പൊളിച്ചത്.ഇതിനാല്‍ ഡാമില്‍ നിന്നും വെള്ളം
വിടുമ്പോള്‍ ഈ ഭാഗത്ത് വലിയ തോതിലുള്ള ജലനഷ്ടം ഉണ്ടാകുന്നുണ്ടെന്നു കനാല്‍ വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ സിന്ധു പറഞ്ഞു.

പൊളിഞ്ഞു കിടക്കുന്ന ഭാഗത്ത് ഓരോ വർഷവും മണ്ണു നികന്ന് വെള്ളം ഒഴുകാത്ത സ്ഥിതിയുമുണ്ട്. തൊട്ടുതാഴെയുള്ള വടക്കഞ്ചേരി പാടശേഖരത്തിലെ കർഷകർ പിരിവെടുത്ത് കനാലിലെ മണ്ണുനീക്കിയാണ് ഓരോ വർഷവും ഇപ്പോള്‍ വെള്ളം കൊണ്ടുപോകുന്നതെന്ന് കർഷകനും കിസാൻ സഭ നേതാവുമായ ജാക്സണ്‍ ലൂയിസ് പറഞ്ഞു.

അടുത്ത കൃഷികള്‍ക്കു മുമ്ബ് കനാല്‍ പുനർ നിർമിച്ച്‌ വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള നടപടി വേണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. പാടശേഖര സമിതികളും കിസാൻ സഭയും കൃഷി, ഇറിഗേഷൻ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!