അയിലൂർ പയ്യാങ്കോട് മഴയിൽ വീട് നിലംപൊത്തി. രാമകൃഷ്‌ണൻ എന്ന രാമൻകുട്ടി സുന്ദരി ദമ്പതികൾ താമസിക്കുന്ന വീടാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ മഴയിൽ നിലം പൊത്തിയത്. കൂലിപ്പണിക്ക് പോയി വന്ന രാമൻകുട്ടിയുടെ ഭാര്യ സുന്ദരി വീടിനകത്തുള്ള അടുപ്പിൽ ചായ വെയ്ക്കാൻ വെള്ളം വെച്ചശേഷം ചോറ് വെക്കാനുള്ള പാത്രം കഴുകാൻ പുറത്തിറങ്ങിയ സമയത്താണ് വീട് വൻ ശബ്ദത്തോടെ പൂർണമായും നിലം പതിക്കുകയായിരുന്നു. ചുമരുകളും മേൽക്കൂരയോടൊപ്പം തകർന്നുവീണു. കഴുക്കോൽ പട്ടിക തുടങ്ങിയ മേൽപുരയുടെ ഭാഗങ്ങൾ പുനർ ഉപയോഗിക്കാൻ പറ്റാത്ത വിധം തകർന്നു. ഒരു നിമിഷം കൂടി അകത്തു നിൽക്കുകയാണെങ്കിൽ സുന്ദരിയും നിലം പതിക്കുന്ന വീടിന് അടിയിൽ പെടുമായിരുന്നു. വൻ അപായത്തിൽ നിന്ന് തലനാരിഴക്കാണ് ഒഴിവായതെന്ന് സുന്ദരി പറഞ്ഞു. കർഷക തൊഴിലാളി കുടുംബമായ രാമകൃഷ്‌ണൻ, ഭാര്യ സുന്ദരി, മക്കൾ സജിത്ത്, അജിത്ത് എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. നിർധനരായ കുടുംബത്തിന് തൽക്കാലം താമസിക്കാൻ പോലും ഇതോടെ ഇടമില്ലാതായി. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ രാമകൃഷ്ണൻ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ്, പഞ്ചായത്ത് അംഗം ജീജാ റോയ്, കയറാടി വില്ലേജ് ഓഫീസർ, പൊതുപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി. വില്ലേജ് അധികൃതർ നാശനഷ്ടം വിലയിരുത്തി മേലധികാരികളെ അറിയിക്കുമെന്ന് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx