മഴക്കാലത്തു റബ്ബർ ടാപ്പിങ് നടത്തുന്നതിനു മരങ്ങളിൽ മഴ മറ ( റെയിൻ ഗാർഡ് ) സ്ഥാപിക്കുന്ന പണി റബ്ബർ തോട്ടങ്ങളിൽ സജീവമായി. മൺസൂൺ മഴയ്ക്ക് മുമ്പായി റെയിൻ ഗാർഡ് ചെയ്യേണ്ടതുണ്ട്. മഴ ആരംഭിച്ച് റബ്ബർ മരങ്ങൾ നനഞ്ഞാൽ മരങ്ങളുടെ തടിയിൽ പശ ഒട്ടിപ്പിടിക്കാതിരിക്കുകയും റെയിൻ ഗാർഡിനും പശയ്ക്കുമിടയിലൂടെ വെട്ടുപട്ടയിലേക്ക് വെള്ളം ഒലിച്ചിറങ്ങിയാൽ റബ്ബർ പാലിൽ മഴ വെള്ളം കലർന്ന ഉപയോഗശൂന്യമാകും എന്നതിനാലാണ് മഴയ്ക്കു മുമ്പ് മഴമറ മരങ്ങളിൽ പിടിപ്പിക്കുന്നത്. പ്ലാസ്റ്റിക് കടലാസ്സ്, ടാർ നിർമ്മിത പശ, ടേപ്പ്, ക്ലിപ്പ് തുടങ്ങിയ സാമഗ്രികൾ വിൽക്കുന്ന വ്യാപാരികളും സജീവമായെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായ മഴ വ്യാപാര മേഖലയെയും കർഷകരെയും ബുദ്ധിമുട്ടിച്ചിരുന്നു. കാലവർഷത്തിനു മുമ്പുള്ള ചെറിയ ഇടവേളയിലാണ് കർഷകർ റബർ മരങ്ങളിൽ ട്രെയിൻ ഗാർഡിങ് പണി ആരംഭിച്ചത്. ഒരു മരത്തിൽ റെയിൻ ഗാർഡ് ചെയ്യുന്നതിന് 75 രൂപയോളം ചിലവു വരുമെന്ന് കർഷകർ പറയുന്നു. പ്ലാസ്റ്റിക്ക് പിടിപ്പിച്ചുതരുന്നതിനു മരത്തിനു 10 മുതൽ 14 രൂപയാണ് കൂലി. വെട്ടു പട്ടക്ക് മുകളിലായി പശ തേക്കേണ്ട സ്ഥലത്തെ തൊലിയിലെ മൊരി ചുരണ്ടി കളഞ്ഞ് പശ തേച്ച് ഞൊറി വെച്ച് പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിച്ച് അതിനുമുകളിൽ മഴവെള്ളം ഉറങ്ങാത്ത രീതിയിൽ ടേപ്പ് ഒട്ടിച്ച് സ്ട്രാപ്ലർ ക്ലിപ്പ് ചെയ്താണ് മരങ്ങളിൽ റെയിൻ ഗാർഡ് പിടിപ്പിക്കുന്നത്. ഒരു മരത്തിൽ റെയിൻ ഗാർഡ് സ്ഥാപിക്കുന്നതിന് ഒരേസമയം 4 തൊഴിലാളികളുടെ സേവനം ആവശ്യമുണ്ട്. തൈ റബ്ബറുള്ള നാമമാത്ര കർഷകർ റെഡിമെയ്ഡ് ഷെയ്ഡാണ് പിടിപ്പിക്കുന്നത്.
കഴിഞ്ഞ ജനുവരി അവസാനത്തോടെ ചൂടു കൂടിയതോടെ റബ്ബർ ഉൽപാദനം കുറഞ്ഞതിനാൽ ടാപ്പിങ് നിറുത്തിവച്ച തോട്ടങ്ങളും ചില തോട്ടങ്ങൾ കഴിഞ്ഞ വർഷം റബ്ബർ വില കുറവുമൂലം ടാപ്പിഗ് നടത്താത്ത തോട്ടങ്ങളുമാണിപ്പോൾ ടാപ്പിങ്ങിനായി ഷെയ്ഡ് ഇടാൻ തുടങ്ങിയത്.
പ്രാദേശിക റബ്ബർ ഉൽപ്പാദക സംഘങ്ങൾ വഴി റബ്ബർ ബോർഡ് സബ്സിഡി നിരക്കിൽ റെയിൻ ഗാർഡിങ് ഉൽപ്പന്നങ്ങൾ മുൻ വർഷങ്ങളിൽ നൽകിയത് ഈ വർഷം ഇല്ലാതായത് കർഷകർക്ക് അധിക സാമ്പത്തിക ചെലവിന് വഴിയൊരുക്കി. അതിനാൽ കർഷകർ പൊതു വിപണിയിൽ നിന്ന് തന്നെ റെയിൻ ഗാർഡിങ് സാമഗ്രികൾ വാങ്ങേണ്ട സ്ഥിതിയാണ്. റെയിൻ ഗാർഡ് ചെയ്യാനുള്ള പ്ലാസ്റ്റിക് ഷീറ്റ് കിലോഗ്രാമിന് കഴിഞ്ഞവർഷത്തേക്കാൾ 10 മുതൽ 15 രൂപ വരെ കുറഞ്ഞ് 135 – 140 രൂപയായി കുറഞ്ഞു 25 കിലോ തൂക്കം വരുന്ന ഒരു ടിൻ പശക്ക് കഴിഞ്ഞവർഷത്തേക്കാൾ 100 മുതൽ 200 രൂപയോളം കുറവ് വന്നിട്ടുണ്ട്. കാലവർഷം സജീവമായാൽ റെയിൻ ഗാർഡിങ് നടക്കാതാവുകയും വ്യാപാരികൾ സംഭരിച്ചുവച്ച റെയിൻ ഗാർഡിങ് ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് വിലകുറച്ച വില്പനയും സജീവമാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിൽ വേനൽ മഴ ലഭിച്ച റബ്ബർ മരങ്ങളുടെ ഇലകൾ മൂത്ത് തടി വണ്ണം വച്ചതിനുശേഷം ഇടവപ്പാതിക്ക് മുമ്പ് ആയി തന്നെ മരങ്ങളിൽ റെയിൻ ഗാർഡിങ് സ്ഥാപിക്കാൻ കർഷകർക്ക് കഴിഞ്ഞിരുന്നു. ഇക്കുറി വേനൽ മഴ ഇല്ലാതായതും മെയ് 15 മുതൽ തുടർച്ചയായി മഴപെയ്തതും റെയിൻ ഗാർഡിങ്ങിന് തുടക്കത്തിൽ തടസ്സമായിരുന്നു. കാലവർഷത്തിനിടയ്ക്കുള്ള ചെറിയൊരു ഇടവേള കിട്ടിയതിലാണ് റെയിൻ ഗാർഡിങ് പണികൾ വീണ്ടും സജീവമായത്. മിക്ക പ്രദേശത്തും കാലവർഷം സജീവമായതോടെ റെയിൻ ഗാർഡിങ് പ്രവർത്തനങ്ങളും തടസ്സപ്പെട്ടു തുടങ്ങി. പ്രാദേശികമായി അടുത്തടുത്ത തോട്ടങ്ങളിലെ ടാപ്പിംഗ് തൊഴിലാളികൾ തന്നെ പരസ്പരം സഹായിച്ചാണ് റബ്ബർ മരങ്ങളിൽ ഗ്രീൻ റെയിൻ ഗാർഡിങ് പിടിപ്പിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx