വടക്കഞ്ചേരി ;മംഗലംഡാമില്‍ഷട്ടറുകള്‍ തുറന്ന് വെള്ളം പുഴയിലേക്കൊഴുക്കി പാഴാക്കുകയാണിപ്പോഴും.ആറുഷട്ടറുകളില്‍ മൂന്ന് ഷട്ടറുകളും കൂടുതല്‍ ഉയർത്തി വെള്ളം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.മംഗലം ഡാമിൽ സംഭരണ ശേഷി കുറഞ്ഞതിനാലാണ് ഈ നടപടി.
വെള്ളംപുഴയിലേക്കൊഴുക്കി പാഴാക്കിയാലും
കർഷകർക്ക് വെള്ളം നൽകില്ല എന്നതാണ് ജലസേചന വകുപ്പിന്റെ നിലപാട്.
ഓരോ മഴക്കാലത്തും വൃഷ്ടിപ്രദേശങ്ങളിലെ ഉരുള്‍പൊട്ടലുകളില്‍ വലിയതോതിലാണ് മണ്ണുംമണലുംകല്ലും ഡാമില്‍ വന്നടിയുന്നത്.
ഈ വർഷവും ഉരുള്‍പൊട്ടലുണ്ടായി മണ്ണുംകല്ലും ഡാമിലെത്തിയിട്ടുണ്ട്.
മംഗലംഡാമിന്‍റെ ജലസംഭരണശേഷി നന്നേ കുറഞ്ഞു. മഴക്കാലമാസങ്ങള്‍ കടന്നുപോയിട്ടും വേനലില്‍ അമൂല്യമാകുന്ന ഈ വെള്ളം സംഭരിക്കാൻ ഇനിയും നടപടികളില്ല എന്നതാണ് കർഷകരേയും ജനങ്ങളേയും ഏറെ വേദനിപ്പിക്കുന്നത്.
ഡാമിലെ മണ്ണും ചെളിയും മണലും നീക്കംചെയ്യുന്ന പദ്ധതി രണ്ടുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാർട്ടികളും ഇതൊന്നും അറിഞ്ഞഭാവമില്ല.
ഈവിഷയം വളരെ ലാഘവത്തോടെയാണ് എല്ലാവരും കാണുന്നത്. ഇവിടെ ഇത്രയൊക്കെമതി എന്ന നിലപാടാണ് മംഗലംഡാമിലെ കുടിവെള്ള പദ്ധതിയിലും വിനോദസഞ്ചാര വികസനത്തിലുമെല്ലാമുള്ളത്. മണ്ണ് നീക്കംചെയ്താല്‍ മാത്രമേ ഇനി മംഗലംഡാമിന്‍റെ സംഭരണശേഷി വർധിപ്പിക്കാനാകൂ.
രണ്ടാംവിള കൃഷിപ്പണികള്‍ക്കായി കനാല്‍വഴി വെള്ളം വിടണമെന്നു പാടശേഖരസമിതികളും കർഷകസംഘടനകളും ആവശ്യപ്പെടുന്നുണ്ടെങ്കിലും കനാലുകള്‍ വൃത്തിയാക്കാത്തതിനാല്‍ അതിനും കഴിയുന്നില്ല.
പുഴയിലേക്ക് ഒഴുക്കി പാഴാക്കിക്കളയുന്ന വെള്ളം കനാലുകള്‍ വഴി വിട്ടിരുന്നെങ്കില്‍ ചപ്പുചവറുകള്‍ നീങ്ങി കനാലുകളുടെ വാലറ്റംവരെ കനാല്‍ വൃത്തിയാവുകയും വെള്ളം ആവശ്യമുള്ള പാടശേഖരങ്ങള്‍ക്കു വെള്ളം ലഭ്യമാകാനും സൗകര്യമാകുമായിരുന്നു.
നവംബർ മാസത്തിലൊക്കെ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു പുഴയിലേക്ക് വെള്ളമൊഴുകുന്നത് അപൂർവ കാഴ്ചയാണ്. തുലാമഴ കൂടുതല്‍ കനത്താല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുഴയിലേക്ക് വിടേണ്ടിവരും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq