വടക്കഞ്ചേരിയിലെ “മിനി പമ്പ” ഒരുങ്ങി.

Share this News

വടക്കഞ്ചേരിയിലെ “മിനി പമ്പ” ഒരുങ്ങി.

വൃശ്ചികമാസമായി.ഇനി വ്രതശുദ്ധിയുടെ നാളുകളില്‍ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് തീർഥാടകരുടെ പ്രവാഹമാകും. മകരമാസത്തിലെ ജ്യോതിവരെ രണ്ടര മാസക്കാലം തീർഥാടകരെക്കൊണ്ടു നിറയും മംഗലംപാലവും പരിസരവും. മംഗലംപുഴയും തീർഥാടകർ ഇഷ്ടപ്പെടുന്ന നേന്ത്രക്കായ ചിപ്സിന്‍റെ വിപണിയുമാണ് മംഗലംപാലം എന്നതാണ് തീർഥാടകരുടെ ഇടത്താവളമായി മാറ്റുന്നത്.

   കടകളുടെ മിനുക്കുപണികളും പെയിന്‍റിംഗ്, ദീപാലങ്കാരങ്ങളുമായി തീർഥാടകരെ ആകർഷിക്കാനുളള തിരക്കിട്ട ജോലികള്‍ നടന്നുവരികയാണ്. പണികള്‍ക്കായി കടകളെല്ലാം ടാർപോളിൻകൊണ്ട് മൂടിവച്ച്‌ ഉള്ളില്‍ ധൃതിപിടിച്ച വർക്കുകളാണ് നടക്കുന്നത്.

   മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയോരത്തും തൃശൂർ- പാലക്കാട് ദേശീയപാതയോരത്തുമായി മംഗലംപാലം ജംഗ്ഷനില്‍ മാത്രം അമ്പതിലേറെ ചിപ്സ് കടകളുണ്ട്. ഹോട്ടലുകളും മറ്റു കടകളും വേറെ. സീസണ്‍കടകളും ഇവിടെ നിറയും. റോഡിന്‍റെ വശങ്ങളില്‍ കയർകെട്ടിതിരിച്ചും കമ്പുകള്‍നാട്ടിയും ബുക്കിംഗ് തകൃതിയാണ്. പാതയോര കൈയേറ്റങ്ങള്‍ ഒഴിവാക്കാൻ ദേശീയപാത അഥോറിറ്റി നേരത്തേ തന്നെ ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ കച്ചവടം ഒഴിവാക്കിയിട്ടുണ്ട്.

   ഈവർഷം വലിയ പ്രതീക്ഷയാണുള്ളതെന്നു കച്ചവടക്കാർ പറയുന്നു. നല്ല സീസണ്‍വർഷങ്ങളില്‍ ഒരു കടയില്‍തന്നെ പ്രതിദിനം ലക്ഷങ്ങളുടെ കച്ചവടം നടക്കും.

   ചിപ്സിന്‍റെ വില്പനതന്നെയാണ് ഇതില്‍ കൂടുതല്‍. ഹലുവയും തീർഥാടകരുടെ ഇഷ്ടയിനമാണ്.

   പാർക്കിംഗിനും പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങളുമുണ്ടെങ്കില്‍ അത്തരം കടകളില്‍ കച്ചവടം ഇരട്ടിയാകും. തീർഥാടകരുടെ ഒരു ബസ് കടയ്ക്കുമുന്നില്‍ നിന്നാല്‍ ചുരുങ്ങിയത് ഇരുന്നൂറു കിലോയെങ്കിലും ചിപ്സ് ചെലവാകും. ചിപ്സ് ഉണ്ടാക്കുന്നതിനായി നാടൻ നേന്ത്രക്കായയ്ക്കൊപ്പം വയനാട്ടില്‍നിന്നും ലോഡുകണക്കിനു നേന്ത്രക്കായയുടെ വരവുണ്ട്. തമിഴ്നാട് കായയും എത്തും. വെളിച്ചെണ്ണയുടെ ഉയർന്ന വില ചിപ്സ് വിലയും കൂട്ടും. 24 മണിക്കൂറും ഇനി ഇവിടത്തെ കടകള്‍ പ്രവർത്തിക്കും.

    ഷിഫ്റ്റ് ക്രമത്തിലാണ് കടകളിലെ ജീവനക്കാരുടെ ജോലി. പന്നിയങ്കര ടോള്‍ പ്ലാസയ്ക്കു സമീപം ഉള്‍പ്പെടെ പുതിയ ചിപ്സ് കടകള്‍ നിരവധി വന്നെങ്കിലും അയല്‍സംസ്ഥാന തീർഥാടകർ മംഗലം പാലത്ത് എത്തിയാണ് നാട്ടിലേക്കുള്ള ചിപ്സ് വാങ്ങിമടങ്ങുക.

   ചിപ്സിനുള്ള വിലക്കുറവും വർഷങ്ങളായുള്ള തീർഥാടകരുടെ ബന്ധങ്ങളുമാണ് വിപണി സജീവമാക്കുന്നത്.
.
ഫോട്ടോ :
ഭക്തരെ ലക്ഷ്യമിട്ട് ഒരുങ്ങുന്ന മംഗലം പാലത്തെ മിനി പമ്പയിലെ കടകൾ
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

Share this News
error: Content is protected !!