

വടക്കഞ്ചേരി മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയില്‍
പൊതുമരാമത്ത് വകുപ്പ് രണ്ടാഴ്ചക്കിടെ രണ്ടാമത്തെ കുഴിയടയ്ക്കല്‍ ചടങ്ങ് നടത്തി. വാഹനയാത്രികരെ പേടിപ്പെടുത്തിയിരുന്ന വലിയ കുഴികള്‍ വീണ്ടും മെറ്റലിട്ട് താത്കാലികമായി അടക്കുന്ന നടപടിയാണ് നടന്നത്. മഴതുടങ്ങി ഒന്നര മാസത്തിനുള്ളില്‍ ഇത് നാലാംതവണയാണ് കുഴിയടയ്ക്കല്‍ നടക്കുന്നത്. അടുത്ത മഴക്ക് ഇത് ഒലിച്ചു പോകുമെന്ന് ഉറപ്പാണ്
പാത തുടങ്ങുന്ന മംഗലംപാലം മുതല്‍ വള്ളിയോട് വരെ വരുന്ന ഒന്നര കിലോമീറ്ററിലെ ഏതാനും കുഴികളാണ് അടച്ചിട്ടുള്ളത്.
ഇതിന് എത്രദിവസം ആയുസുണ്ടാകും എന്നൊക്കെ കണ്ടറിയണം. എന്തായാലും രണ്ടുമൂന്നുദിവസമെങ്കിലും കുഴിയില്‍ ചാടി വാഹനത്തിന്‍റെ അടിഭാഗം തട്ടുന്നത് തത്കാലത്തേക്ക് ഒഴിവാകും എന്ന സമാധാനത്തിലാണ് വാഹനയാത്രികർ. സംസ്ഥാനപാതയിലെ കുഴികള്‍ മൂടി വാഹനങ്ങള്‍ക്ക് കടന്നുപോകാൻ സൗകര്യമൊരുക്കണമെന്നും പാത നാലുവരിയാക്കി വികസിപ്പിക്കണമെന്നും കഴിഞ്ഞദിവസം വടക്കഞ്ചേരിയില്‍ സമാപിച്ച സിപിഐ ജില്ലാ സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിരുന്നു.