അവാർഡ് നേടിയ പച്ചത്തുരുത്തുകൾ അവഗണനയിൽ, വീഴാതെ കാക്കണം പുതുക്കുളത്തെയും മംഗലംപുഴയോരത്തെയും മുളങ്കൂട്ടങ്ങളെ

Share this News

ഹരിതകേരള മിഷന്റെ ഭാഗമായി വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് നട്ടുവളർത്തിയ മുളങ്കൂട്ട പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിച്ചിട്ടും, ഇന്ന് അവ സംരക്ഷണമില്ലാതെ അവഗണനയിൽ കിടക്കുന്നു. ഒരുകാലത്ത് മാതൃകയായി കണക്കാക്കിയ ഈ പച്ചത്തുരുത്തുകൾ സാമൂഹിക അനാസ്ഥയുടെ ഇരകളാകുകയാണ്.

2025-ൽ ജില്ലാതല ഹരിതകേരള മിഷൻ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം പുതുക്കുളത്തിനും രണ്ടാം സ്ഥാനം മംഗലംപുഴയ്ക്കുമാണ് ലഭിച്ചത്. എന്നാൽ, പുരസ്കാര നേട്ടങ്ങൾക്കപ്പുറം, രണ്ട് പച്ചത്തുരുത്തുകളുടെയും ഇന്നത്തെ അവസ്ഥ ആശങ്കാജനകമാണ്.
പുതുക്കുളത്തെത്തി നോക്കിയാൽ മുളങ്കൂട്ടങ്ങൾക്കിടയിൽ മദ്യക്കുപ്പികൾ നിറഞ്ഞുകിടക്കുന്നതാണ് ദൃശ്യം. മംഗലംപാലത്തിന് സമീപം പുഴയോരത്ത് മാലിന്യങ്ങൾ കുന്നുകൂടിയ നിലയിലാണ്.ഇരുവിടങ്ങളിലും മുളകൾ വെട്ടിനശിപ്പിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പരിസ്ഥിതി സ്നേഹികൾ കടുത്ത ആശങ്കയിലാണ്.
പുഴയോരത്തും പുതുക്കുളത്തിന്റെ തീരത്തുമായി പന്തലിച്ചുനിൽക്കുന്ന മുളങ്കൂട്ടങ്ങൾ ജലസംരക്ഷണത്തിലും കരകാവലിലും നിർണായക പങ്കാണ് വഹിക്കുന്നത്. നീരുറവകൾ നിലനിർത്താനും അരികുകൾ ഇടിയാതെ സംരക്ഷിക്കാനും ഈ മുളങ്കൂട്ടങ്ങൾ വലിയ കരുത്താണ്.

2019-ൽ പുതുക്കുളത്തും, 2004–05 കാലഘട്ടത്തിൽ മംഗലംപാലം പ്രദേശത്തും ഉണ്ടായ ഉരുൾപൊട്ടലുകളും മലവെള്ളപ്പാച്ചിലുകളും വലിയ നാശം വിതച്ചപ്പോഴും, മുളങ്കൂട്ടങ്ങളുടെ ശക്തിയാൽ പുഴയോരങ്ങൾ ഇടിയാതെ പിടിച്ചുനിന്നിരുന്നു. ഒരുകാലത്ത് വേനൽക്കാലത്ത് വറ്റിയിരുന്ന പുതുക്കുളം, മുളങ്കൂട്ടങ്ങൾ വളർന്നശേഷം ഇന്നേവരെ വറ്റിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നിലവിൽ പുതുക്കുളത്തിന്റെ തീരത്ത് 3,240 മുളകളും മംഗലംപുഴയോരത്ത് ഏകദേശം 3,000 മുളകളും വളരുന്നുണ്ട്. എന്നാൽ, സംരക്ഷണ നടപടികൾ ഇല്ലെങ്കിൽ ഘട്ടംഘട്ടമായി ഈ പച്ചത്തുരുത്തുകൾ ഇല്ലാതാകുമെന്ന ആശങ്ക ശക്തമാകുകയാണ്.

സംരക്ഷണമൊരുക്കും;പഞ്ചായത്ത് പ്രസിഡന്റ്.

പുതുക്കുളത്തെയും മംഗലംപുഴയോരത്തെയും മുളങ്കൂട്ട പച്ചത്തുരുത്തുകൾ സംരക്ഷിക്കുന്നതിനായി സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് അറിയിച്ചു. ഇതിനായി ഈ വർഷം പ്രത്യേക പദ്ധതി തയ്യാറാക്കും. മുളങ്കൂട്ടങ്ങൾക്കിടയിൽ ഇരിപ്പിടങ്ങൾ ഒരുക്കി, സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള മനോഹര കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.പുരസ്കാരങ്ങൾ മാത്രമല്ല, തുടർച്ചയായ പരിചരണവും ഉത്തരവാദിത്തവും ആവശ്യമാണ് എന്ന ഓർമ്മപ്പെടുത്തലായി ഈ പച്ചത്തുരുത്തുകൾ ഇന്ന് നിശ്ശബ്ദമായി നിലകൊള്ളുന്നു. വീഴാതെ കാക്കുമോ ഈ മുളങ്കൂട്ടങ്ങളെ എന്നതാണ് ഇനി വടക്കഞ്ചേരിയുടെ മുന്നിലെ ചോദ്യം.

ചിത്രം : മംഗലംപാലത്തുള്ള മുളങ്കുട്ടത്തിലേക്കുള്ള വഴിയിൽ മാലിന്യം തള്ളിയ നിലയിൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!