മലയണ്ണാൻ കൗതുക കാഴ്ചയല്ല കണ്ണീർ കാഴ്ച
നെന്മാറ : വീട്ടുവളപ്പുകളിലെ തെങ്ങുകളിൽ മലയണ്ണാൻ ശല്യം രൂക്ഷമായി. ചക്കയും മാങ്ങയും സീസൺ കഴിഞ്ഞതോടെ മലയണ്ണാനുകൾ വീട്ടുവളപ്പുകളിലെ തെങ്ങുകളിലെ മൂപ്പ് എത്താത്ത തേങ്ങകൾ കാർന്നു തിന്ന് വെള്ളവും കാമ്പും തിന്നുന്നത് പതിവായി. തെങ്ങിന് താഴെ നിന്ന് ശബ്ദം ഉണ്ടാക്കിയൊ കല്ലെറിഞൊ ഓടിച്ചു വിടാൻ കഴിയുന്നില്ല.
ഉയരം കൂടിയ തെങ്ങുകളായതിനാൽ കല്ലും കവണപ്രയോഗവും ഏൽക്കാത്തതും മലയണ്ണാനുകൾക്ക് സൗകര്യമായി. മൂന്നും നാലും അടങ്ങുന്ന മലയണ്ണാൻ സംഘം വീട്ടുവളപ്പുകളിൽ ആദ്യകാലത്ത് കൗതുക കാഴ്ചയായിരുന്നെങ്കിൽ ഇപ്പോൾ ദിവസവും രണ്ടും മൂന്നും നാളികേരം വീതം തിന്നു തള്ളുന്നത് കണ്ണീർക്കാഴ്ചയായി. അതിരാവിലെ മുതൽ വീട്ടുവളപ്പുകളിലും മറ്റും മലയണ്ണാന്റെ ചിലക്കൽ കേൾക്കാം. കരിമ്പാറ, മരുതഞ്ചേരി, കോപ്പം കുളമ്പ്, പറയമ്പളം, നിരങ്ങൻപാറ, കൽച്ചാടി തുടങ്ങിയ കാർഷിക മേഖലകളിലെല്ലാം മലയണ്ണാനുകൾ വൻ കൃഷിനാശ ഭീഷണി ഉയർത്തിയിരിക്കുകയാണ്. സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ പെട്ടതിനാൽ ഏതെങ്കിലും രീതിയിൽ കൊല്ലാനും കഴിയാത്ത സ്ഥിതിയാണ്. മണ്ടരി, വെള്ളിച്ച തുടങ്ങിയ കീടബാധകൾക്ക് പുറമേ നാളികേര വില ഇടിവുമുണ്ടായി പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയിൽ എത്തിയപ്പോഴാണ് ഒരു വർഷത്തിലെറെയായി മലയാണ്ണൻ ശല്യവും തുടങ്ങിയിട്ട്. പ്രതിവിധി അറിയാതെ നട്ടം തിരിയുകയാണ് കർഷകർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR