കാട്ടുതീ; ഫയർലൈൻ നിർമ്മാണം ആരംഭിച്ചു.
നെല്ലിയാമ്പതി വനം റേഞ്ചിലെ മലയോര മേഖലകളിൽ കാട്ടുതീ പ്രതിരോധത്തിനായി ഫയർ ലൈനുകൾ നിർമ്മാണം ആരംഭിച്ചു. വനമേഖലയോട് ചേർന്ന് നേരത്തെ അടിക്കാടുകൾ വെട്ടി വൃത്തിയാക്കിയ സ്ഥലത്താണ് കരിയിലയും പുല്ലും ചെത്തി മാറ്റി കൂട്ടി തീയിട്ട് ഫയർ ലൈൻ നിർമ്മിക്കുന്നത്. തീ വനമേഖലയിലേക്ക് പടർന്നു കയറാതിരിക്കാൻ ചെടികളും കമ്പുകളും ഉപയോഗിച്ച് തല്ലിക്കൊടുത്താനായി തൊഴിലാളികളും കൂടെയുണ്ട്. താൽക്കാലിക ഫയർ വാച്ചർ മാരും വനാവകാശ നിയമപ്രകാരം കൽച്ചാടി മേഖലയിലെ ആദിവാസി സ്ത്രീ തൊഴിലാളികളെയും ഉപയോഗിച്ചാണ് ഫയർ ലൈൻ നിർമ്മാണം നടത്തുന്നത്. തിരുവഴിയാട് സെക്ഷൻ പരിധിയിലെ കൽച്ചാടി, നിരങ്ങൻപാറ, ചള്ള, തളിപ്പാടം, കരിമ്പാറ, അയിലമുടി വന മേഖലയോട് ചേർന്ന് പുളിക്കൽച്ചിറ, കാന്തളം പ്രദേശങ്ങളിലാണ് ഫയർലൈൻ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞവർഷം മാർച്ചിൽ പൂ ഞ്ചേരി, ഓവുപാറ മേഖലകളിലെ വനമേഖലകളിൽ കാട്ടുതീ പടർന്ന് നെല്ലിയാമ്പതി റേഞ്ചിലെ കൂടുതൽ പ്രദേശങ്ങളിൽ തീ പിടിച്ചിരുന്നു. ഫയർ ലൈൻ നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ താൽക്കാലിക ഫയർ വാച്ചർമാരെയും നിയമിച്ചിട്ടുണ്ട്.
വേനൽ ആരംഭം കുറിച്ചതോടെ വനമേഖലയോട് ചേർന്ന് ഫയർ ലൈൻ നിർമ്മാണം നടത്തുന്നു.