നവകേരള സദസ് ഭരണനിര്‍വഹണത്തിലെ പുതിയ മാതൃക: മന്ത്രി എം.ബി രാജേഷ് പാലക്കാട് നിയോജകമണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

Share this News

ഭരണ നിര്‍വഹണത്തിലെ പുതിയ കേരള മാതൃകയാണ് നവകേരള സദസ് എന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളത്തില്‍ ഇതിനകം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ വിശദീകരിക്കാനും ഇനി മുന്നോട്ടുള്ള പാതയില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവ കേള്‍ക്കുന്നതിനുമായാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ 140 മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന സമാനതകളില്ലാത്ത പരിപാടിയാണിതെന്നും മന്ത്രി പറഞ്ഞു. നവകേരള നിര്‍മ്മിതി ബഹുജന സദസിന്റെ പാലക്കാട് നിയോജകമണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മേയ്, ജൂണ്‍ മാസങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത്, ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാല് മേഖലകളിലായി നടത്തിയ വന്‍കിട-മുന്‍ഗണന പദ്ധതികളുടെ അവലോകനം എന്നിവയുടെ തുടര്‍ച്ചയായാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള എല്ലാ അതിര്‍വരമ്പും ഇവിടെ ഇല്ലാതാവുകയാണ്. വിഴിഞ്ഞം തുറമുഖം, കോവളം-ബേക്കല്‍ ജലപാത തുടങ്ങിയവ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വന്‍കിട പദ്ധതികളില്‍പ്പെടുന്നതാണ്. സംസ്ഥാനത്തിന്റെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കോവളം-ബേക്കല്‍ ജലപാത ഡിസംബറോടെ പൂര്‍ത്തിയാകും.
ദേശീയപാത 45 മീറ്റര്‍ വര്‍ധിപ്പിക്കല്‍, 555 കി.മീ. ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേ എന്നിവയുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിശ്ചിത സമയക്രമം അനുസരിച്ചാണ് പ്രവൃത്തികള്‍ നടക്കുന്നത്. ഇതെല്ലാം കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുത്തും. 2025 നവംബര്‍ ഒന്ന് ആകുമ്പോഴേക്കും സംസ്ഥാനത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ ആ സ്ഥിതിയില്‍നിന്നും മോചിപ്പിക്കും. നിലവില്‍ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് സര്‍വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 93 ശതമാനം പേരെയും അടുത്തവര്‍ഷം നവംബര്‍ ഒന്ന് ആകുമ്പോഴേക്കും മോചിപ്പിക്കാനാകും. മാലിന്യ സംസ്‌കരണത്തിനായി 2024 ഡിസംബറില്‍ ബി.പി.സി.എല്ലിന്റെ മാലിന്യ സംസ്‌കരണ പ്രകൃതി വാതക പ്ലാന്റ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞ ചൊല്ലിയാണ് യോഗം ആരംഭിച്ചത്. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുന്‍ എം.എല്‍.എ ടി.കെ. നൗഷാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ, പാലക്കാട് തഹസില്‍ദാര്‍ സുധാകരന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റുമാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

501 സംഘാടക സമിതി രൂപീകരിച്ചു

മുന്‍ എം.എല്‍.എ ടി.കെ നൗഷാദ് ചെയര്‍മാന്‍

ഡിസംബര്‍ രണ്ടിന് പാലക്കാട് നടക്കുന്ന ബഹുജന സദസിന്റെ നടത്തിപ്പിനായി മുന്‍ എം.എല്‍.എ ടി.കെ നൗഷാദ് ചെയര്‍മാനായും പാലക്കാട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി. മധു കണ്‍വീനറായും 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, മുന്‍ എം.പി. എന്‍.എന്‍ കൃഷ്ണദാസ്, മുന്‍ എം.എല്‍.എ കെ.കെ. ദിവാകരന്‍, ടി.ആര്‍. അജയന്‍, മുണ്ടൂര്‍ സേതുമാധവന്‍, ഉഷ മാനാട്ട് എന്നിവരെ വൈസ് ചെയര്‍മാന്മാരായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണയാണ് നോഡല്‍ ഓഫീസര്‍. റിസപ്ഷന്‍, ആരോഗ്യം, അനൗണ്‍സ്‌മെന്റ്, ഫുഡ് ആന്‍ഡ് അക്കൊമൊഡേഷന്‍, വളണ്ടിയര്‍, കലാ-സാംസ്‌കാരികം, പ്രചാരണം, സാമ്പത്തികം, പരാതി സെല്‍ എന്നിങ്ങനെ ഒന്‍പത് സബ് കമ്മിറ്റികളും രൂപീകരിച്ചു.
ഒക്ടോബര്‍ 20 നകം പഞ്ചായത്ത്തല സംഘാടക സമിതിയും ചേരും. കണ്ണാടി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ 18 ന് രാവിലെ 11 ന് കണ്ണാടി ബാങ്ക് ഹാളില്‍ സംഘാടക സമിതി യോഗം നടക്കും. ഒക്ടോബര്‍ 19 ന് രാവിലെ 11 ന് പാലക്കാട് നഗരസഭയില്‍ ജില്ലാ പഞ്ചായത്ത് ഹാളിലും വൈകിട്ട് നാലിന് മാത്തൂരില്‍ മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംഘാടക സമിതി യോഗം നടക്കും. ഒക്ടോബര്‍ 20 ന് രാവിലെ 11 ന് പിരായിരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ പിരായിരി പഞ്ചായത്തിന്റെ സംഘാടക സമിതി യോഗവും ചേരും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!