ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കല്‍,ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

Share this News

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും ജില്ലാതല ജൈവ വൈവിധ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കുന്നതിനായി ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്കുള്ള ജില്ലാതല ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് അംഗം കെ.വി ഗോവിന്ദന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് റിസര്‍ച്ച് ഓഫീസര്‍ ഡോ. കെ. ശ്രീധരന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാതല ജൈവ വൈവിധ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി ഗോവിന്ദന്‍ അധ്യക്ഷനായി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് റിസര്‍ച്ച് ഓഫീസര്‍ ഡോ. കെ. ശ്രീധരന്‍, ജില്ലാ പ്ലാനിങ് ഓഫീസറും ജില്ലാതല ജൈവവൈവിധ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമായ എന്‍.കെ ശ്രീലത, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രാധിക, പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. സിനിമോള്‍, തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫെബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, റിസോഴ്‌സ് പേര്‍സണുമാര്‍, ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു.

ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ (ഭരണ പ്രദേശം) ജൈവ വൈവിധ്യവും നാട്ടറിവുകളും രേഖപ്പെടുത്തി വെക്കുന്ന രേഖയാണ് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍. ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കി കാലാനുസ്തൃതമായി പുതുക്കി സൂക്ഷിക്കേണ്ടത് ആ പ്രദേശത്തെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ കര്‍ത്തവ്യമാണ്. രണ്ടാം ഭാഗം തയ്യാറാക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനംമൂലം പ്രകൃതിയില്‍ വന്ന മാറ്റങ്ങള്‍ മനസിലാക്കാനും അനുസൃതമായി സംരക്ഷണ പദ്ധതികള്‍, സുസ്ഥിര വികസന പദ്ധതികള്‍, നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്നിവക്ക് രൂപം നല്‍കാനും നടപ്പിലാക്കാനും സാധിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!