നെൽപ്പാടങ്ങളിലെ ജല ക്രമീകരണത്തിന് സെൻസറുകളും. വെള്ളത്തിന്റെ അളവ് കർഷകർക്ക് മൊബൈലിൽ അറിയാൻ സംവിധാനം.

Share this News

ഇഫ്‌ക്കോ കിസാന്റെ ആഭിമുഖ്യത്തിൽ നെൽ വയലുകളിൽ എ. ഡബ്ലിയു. ഡി ( അൾട്ടർനേറ്റ് വെറ്റിങ് ആൻഡ് ഡ്രൈയിങ്ങ് സെൻസെർസ്) സ്ഥാപിച്ചു തുടങ്ങി. പാലക്കാട്‌ ജില്ലയിലെ വിവിധ നീർത്തടങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ മാതൃകാ പദ്ധതി എന്ന നിലയിൽ അയിലൂർ തിരിഞ്ഞോട് നീർത്തട വികസന സമിതിയിലാണ് സെൻസറുകൾ സ്ഥാപിച്ചു തുടങ്ങിയത്.
വയലിലെ ജലാശം സെൻസറുകൾ ഉപയോഗിച്ച് കണ്ടെത്തുകയും പ്രസ്തുത വിവരങ്ങൾ യഥാസമയം കർഷകന്റെ ഫോണിലേക്ക് കോളുകളായും മെസേജുകളായും എത്തിക്കുന്നതാണ് ഈ സംവിധാനം. ഓരോ സമയത്തുമുള്ള വയലിലെ ജലത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനുമുണ്ട്.
നെൽചെടികൾ നന്നായി വളരണമെങ്കിൽ വയലുകൾ ഇടവിട്ട് വറ്റിക്കുകയും വെള്ളം കയറ്റുകയുമാണ് ചെയ്യേണ്ടത്. സ്ഥിരമായി വെള്ളം കെട്ടി നിർത്തിയാൽ നെല്ച്ചെടിയുടെ വേരിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചിനപ്പുകളുടെ എണ്ണം കുറയുകയും തദ്വാരാ വിളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു. എന്നാൽ എ. ഡബ്ലിയു. ഡി. സെൻസറുകൾ സ്ഥാപിക്കുന്നത്തോടെ മണ്ണിനു മുകളിൽ 2 ഇഞ്ച് കനത്തിൽ വെള്ളമെത്തിക്കഴിഞ്ഞാൽ ജലസേചനം നിർത്താനുള്ള സന്ദേശം കർഷകന്റെ ഫോണിലേക്ക് മെസേജ് ആയും ഫോൺ കോളുകൾ ആയും എത്തുന്നു. നെല്ലിന്റെ വേരുകൾ മണ്ണിനടിയിൽ 8 ഇഞ്ച് താഴെ വരെ വളരുന്നതിനാൽ 6 ഇഞ്ച് താഴേക്ക് ജലാംശം കുറഞ്ഞാൽ ചെടികൾക്ക് ഉണക്കം ബാധിക്കുന്നതിന് മുമ്പ് വയൽ നനയ്ക്കാനുള്ള സന്ദേശവും എത്തും എന്ന മേന്മയും ഈ സംവിധാനത്തിൽ ഉണ്ട്. അതോടൊപ്പം മണ്ണിൽ സ്ഥിരമായി വെള്ളം കെട്ടി നിർത്തുന്നത് മൂലമുണ്ടാകുന്ന ഹരിതഗൃഹ വാതകമായ മീതൈൻ വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

30,000ത്തിനു മുകളിൽ വില വരുന്ന സെൻസറും ഇലക്ട്രോണിക് സംവിധാനങ്ങളും ഉൾപ്പെട്ടതാണ് എ. ഡബ്ലിയു. ഡി. വളം നിർമ്മാണ കമ്പനിയായ ഇഫ്ക്കോയാണ് മാതൃകാ പദ്ധതി എന്ന നിലയ്ക്ക് ഇപ്പോൾ സൗജന്യമായാണ് കർഷകർക്ക് സ്ഥാപിച്ചു നൽകുന്നത്. നബാർഡ് പോലുള്ള ഏജൻസികൾ മുഖേന ഭാവിയിൽ കർഷകർക്ക് ഇത്തരം ഇലക്ട്രോണിക് സംവിധാനങ്ങൾ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഇതൊരു പൈലറ്റ് പ്രോജെക്ട് ആണ്. 2 സീസണുകളിലായിട്ടാണ് ഡാറ്റകൾ വിലയിരുത്തുന്നത്. നെൽപ്പാടങ്ങളിൽ സ്ഥാപിക്കുന്ന സെൻസറുകളിൽ ലോറ ചിപ്പ് ആണ് ഘടിപ്പിച്ചിട്ടുള്ളത്. ഈ ചിപ്പുകൾ 2 കി. മി. ചുറ്റളവിലുള്ള ഡാറ്റകൾ ഗേറ്റ് വേയിലേക്ക്. അയച്ചു കൊടുക്കും (ഗേറ്റ് വേ എന്നാൽ വയലിൽ വിവിധ സ്ഥലങ്ങളിൽസ്ഥാപിച്ചിട്ടുള്ള സെൻസറുകളിൽ നിന്നുള്ള സന്ദേശം സ്വീകരിക്കുകയും കർഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്ന മൊബൈൽ സിം ഉപയോഗിച്ചുള്ള മൊബൈൽ ടവർ പോലുള്ള 30 അടി മാത്രം ഉയരമുള്ള സംവിധാനമാണ്.
ജി.പി.എസ് നു പകരം സെൻസറുകളിൽ ജിയോ കോഡിനേറ്റ് അടിസ്ഥാനമാക്കിയാണ് ഡാറ്റ ശേഖരിക്കുന്നത്. കൃഷി ചെയ്യുമ്പോൾ മാത്രം സെൻസറുകൾ കൃഷിയിടങ്ങളിൽ സ്ഥാപിച്ചാൽ മതി വിളവെടുപ്പ് സമയമായാൽ ഇളക്കിമാറ്റി സൂക്ഷിക്കാം
സെൻസറിന്റെ ഭാഗമായ 6 ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പ് മണ്ണിൽ ഒരടി താഴ്ചയിലായിരിക്കും സ്ഥാപിച്ചിട്ടുണ്ടായിരിക്കുക. സെൻസറുകളിൽ 2 വര്ഷത്തോളം ബാക്കപ്പ് കിട്ടുന്ന ബാറ്ററികളിലും ഗേറ്റ് വേ സൗരോർജ്ജത്തിലുമാണ് പ്രവർത്തിക്കുന്നത്.

അയിലൂർ തിരിഞ്ഞക്കോട് നീർത്തട വികസന സമിതിക്ക് കീഴിലുള്ള കൃഷിയിടങ്ങളിലാണ് എ. ഡബ്ല്യു.ഡി ( അൾട്ടർനേറ്റീവ് വെറ്റിങ്ങ് ആൻഡ് ഡ്രൈയിങ്ങ് സെൻസർ) എന്നറിയപ്പെടുന്ന ഉപകരണങ്ങൾ മാതൃകാ പദ്ധതി എന്ന നിലയിലാണ് സ്ഥാപിച്ചു നൽകിയത്. 25 ഓളം കർഷകരുടെ കൃഷിയിടങ്ങളിൽ സെൻസറുകൾ സ്ഥാപിച്ചു. മോട്ടോർ ഉപയോഗിച്ചും അല്ലാതെയും ജലസേചനം നടത്തുന്ന കർഷകർക്ക് ഇത് ഗുണകരമാണ്. ഇഫ്ക്കോ അസിസ്റ്റന്റ് മാനേജർ റാം ഇസ്ലാം, സീനിയർ എക്സിക്യുട്ടീവ് മുഹമ്മദ്‌ അനീസ്, സാങ്കേതിക വശങ്ങൾ കൾട്ടിവേറ്റ് കമ്പനി പ്രതിനിധികളായ ടി. മല്ലേഷ്, ഗൗതം എന്നിവർ വിവരിച്ചു.
തിരിഞ്ഞോട് നിർത്തട വികസന സമിതി ഭാരവാഹികളും കർഷകരുമായ കെ. മണികണ്ഠൻ, ആർ ചന്ദ്രൻ, എസ്. എം ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ വിശദാംശവും കർഷകർക്കും പ്രായോഗിക പരിശീലനവും നടപ്പിലാക്കിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

Share this News
error: Content is protected !!