അയിലൂർ മേഖലകളിലെ ഇഞ്ചി പാടങ്ങളില്‍ ഇഞ്ചി വിളവെടുപ്പിനു തുടക്കമായി. പതിവ് വിളവെടുപ്പിനും ഒരുമാസം മുമ്പായാണ് വിളവെടുപ്പിനു തുടക്കമായത്. പച്ച ഇഞ്ചി വിപണിയിലേക്കും ചുക്ക് ആക്കുന്നതിനുമായാണ് വിളവെടുപ്പു നടത്തുന്നത്.
വിവിധതരം അസുഖവും, കീടബാധയും മൂലം ഉല്‍പാദനം കുറവ് വന്നിട്ടുണ്ടെന്നാണ് അയിലൂർ മേഖലയിലെ കർഷകർ പറയുന്നത്.
ഏക്കറിന് 45000 മുതല്‍ 50000 രൂപ വരെ പാട്ടം നല്കിയാണ് കർഷകർ ഇഞ്ചി കൃഷി ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ-കോതമംഗലം ഭാഗത്തുനിന്നുള്ള ഇഞ്ചി കർഷകരാണ് വ്യാപകമായ തോതില്‍ പാലക്കാട് ജില്ലയില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷിയിറക്കിയിരിക്കുന്നത്.
ചെടികള്‍ ഉണങ്ങി തുടങ്ങിയതോടെ കാടു വെട്ടുയന്ത്രം ഉപയോഗിച്ചും, സ്ത്രീ തൊഴിലാളികളെക്കൊണ്ടും വെട്ടിമാറ്റിയുമാണ് ഇഞ്ചി വിളവെടുക്കുന്നത്. കിളച്ച് എടുക്കുന്ന ഇഞ്ചി വേരും മണ്ണും നീക്കി ചുക്ക് ആക്കി മാറ്റാനുള്ളവ മുളയും പുറംതൊലിയും ചുരണ്ടി മാറ്റി ഉണക്കാൻ കൊണ്ടുപോകുകയാണ് പതിവ്.
പച്ച ഇഞ്ചിയുടെ ആവശ്യത്തിന് ചെറിയ തോതില്‍ മാർക്കറ്റിലേക്ക് പോകുന്നുണ്ടെങ്കിലും 90 ശതമാനം ഇഞ്ചിയും ചുക്ക് ആക്കിയാണ് വിപണനം നടത്തുന്നത്. ചുക്ക് ആക്കുന്നത് കൊണ്ട് കർഷകർക്ക് കൂടുതല്‍ കാലം ഉണക്കി വിപണി വില ഉയരുന്നതുവരെ സൂക്ഷിക്കാൻ കഴിയുമെന്നതും കർഷകരെ ഇതിന് പ്രേരിപ്പിക്കുന്നു.
ചുക്ക് ആക്കി മാറ്റിയാല്‍ ഇപ്പോള്‍ മാർക്കറ്റ് വില അനുസരിച്ച് 300 രൂപ മുതല്‍ 350 വരെയും പച്ച ഇഞ്ചിക്ക് 98 മുതല്‍ 105 രൂപ വരെയും മാർക്കറ്റിലെ ലഭ്യതയനുസരിച്ച് വില ലഭിക്കുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇഞ്ചിക്കും, ചുക്കിനും ഈ വർഷം ഇപ്പോള്‍ മാർക്കറ്റില്‍ വില കൂടിയത് ആശ്വാസമായി.
കൂടുതല്‍ അളവില്‍ പച്ച ഇഞ്ചി സംഭരിച്ച് ഉണക്കാൻ സൗകര്യമുള്ള സ്ഥലത്ത് കൊണ്ടുപോയി ഉണക്കി ചുക്ക് ആക്കിമാറ്റുന്ന വ്യാപാരികളും ഉണ്ട്. കൊച്ചി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലാണ് പ്രധാന ഇഞ്ചി, ചുക്ക് വിപണന കേന്ദ്രങ്ങള്‍. 60 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഇഞ്ചി ഉണക്കി എടുത്താല്‍ 13 മുതല്‍ 18 വരെ കിലോ ചുക്കു ലഭിക്കുമെന്ന് കർഷകർ പറയുന്നു.
മൂന്ന് ഏക്കർ ഇഞ്ചി കൃഷി ചെയ്താല്‍ രണ്ടേക്കറിനും രണ്ടര ഏക്കറിനും ഇടയില്‍ ഉള്ള ഉല്‍പ്പാദനം മാത്രമേ ലഭിക്കുകയുള്ളു. അര ഏക്കർ മുതല്‍ ഒരു ഏക്കർ വരെയുള്ള സ്ഥലത്തെ ഇഞ്ചി അസുഖവും കീട ആക്രമണവും മൂലം വിളവു ലഭിക്കാതെ നഷ്ടപ്പെടുകയാണ് പതിവ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq