യാത്രക്കാർ കുറഞ്ഞതിനെത്തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്വകാര്യബസുകൾ ന്യുജെൻ സ്റ്റൈലിലേക്ക് മാറി സ്മാർട്ടാകുന്നു. പഴയ ബസുകളെ അപേക്ഷിച്ച് വലിപ്പത്തിൽ കാര്യമായ മാറ്റം വരുന്നില്ലെങ്കിലും ഭാരക്കുറവും ചെറിയ ടയറുകളുമാണ് പുതിയ ബസിന്റെ പ്രത്യേകത. ഭാരക്കുറവ് പരിഗണിച്ച് ടോൾ നിരക്കിൽ നല്ലൊരുതുക കുറവ് ലഭിക്കുമെന്നതാണ് പ്രധാന നേട്ടം.
പുതിയ ബസിന്റെ ഭാരം 12,000 കിലോഗ്രാമിൽ താഴെയായതിനാൽ ലൈറ്റ് കാരേജ് വിഭാഗത്തിലാണ് ഉൾപ്പെടുക.
തൃശ്ശൂർ-പാലക്കാട് റൂട്ടിൽ ആറ് ചാലോടുന്ന ബസിന് പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രതിമാസം 51,000 രൂപ നൽകേണ്ടിയിരുന്നത് 26,000 രൂപയായി കുറഞ്ഞതായി ബസുടമ ബിബിൻ ആലപ്പാട്ട് പറയുന്നു. 98 ബസുകൾ സർവീസ് നടത്തുന്ന തൃശ്ശൂർ-പാലക്കാട്, തൃശ്ശൂർ- ഗോവിന്ദാപുരം റൂട്ടുകളിൽ 21 ബസുകളിപ്പോൾ സ്മാർട്ട് ബസുകളാണ്.
പഴയ ബസുകൾക്ക് 48 സീറ്റുകളുണ്ടായിരുന്നത് പുതിയവയിൽ 38 സീറ്റായി ചുരുങ്ങിയെങ്കിലും യാത്രക്കാരെ ഈ വ്യത്യാസം കാര്യമായി ബാധിക്കില്ലെന്നാണ് ഉടമകൾ പറയുന്നത്. നികുതി തറവിസ്തീർണത്തിനനുസരിച്ചായതിനാൽ പഴയ ബസുകളെ അപേക്ഷിച്ച് തുകയിൽ കുറവില്ലെങ്കിലും ഇന്ധനക്ഷമത കൂടുതലുണ്ടെന്ന് പറയുന്നു.
പഴയ ബസുകൾക്ക് ഒരു ലിറ്റർ ഡീസലിൽ മൂന്ന് കിലോമീറ്ററാണ് ഓടാൻ കഴിഞ്ഞിരുന്നതെങ്കിൽ ഒരു ലിറ്റർ ഡീസലിന് അഞ്ചുകിലോമീറ്റർ വരെ പുതിയ ബസുകൾ ഓടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.
പഴയ ബസുകളുടെ ടയറുകൾക്ക് 25,000 രൂപ മുടക്കേണ്ട സ്ഥാനത്ത് ഇപ്പോൾ 15,000 രൂപ മതിയെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് വി. അശോക് കുമാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx