വടക്കഞ്ചേരി ; വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രതിദിനം ഒരാൾക്ക് 100 ലിറ്റർ വെള്ളം. 2017-ൽ മംഗലംഡാമിനെ ആശ്രയിച്ച് സമഗ്ര കുടിവെള്ളപദ്ധതി തുടങ്ങുമ്പോൾ ഇതായിരുന്നു വാട്ടർ അതോറിറ്റിയുടെ വാഗ്ദാനം. 2020 ഡിസംബറോടെ ഭാഗികമായി ജലവിതരണം തുടങ്ങുമെന്ന ഉറപ്പും നൽകി. വാഗ്ദാനവും വർഷങ്ങളും കടന്നുപോയതല്ലാതെ ഇതുവരെ സംഭരണിയിൽനിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോർ സ്ഥാപിക്കുന്ന ജോലികൾ പോലും തുടങ്ങിയിട്ടില്ല. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവിളുപാറയിലും പാലക്കുഴിയിലും ടാങ്ക് നിർമിക്കാനുണ്ട്. നാല് പഞ്ചായത്തുകളിലും പൈപ്പിടുന്ന ജോലികളും പൂർണമായിട്ടില്ല.
പൂർത്തിയാക്കിയ ജോലികളായ പ്രധാന ടാങ്ക് നിർമാണം, ശുദ്ധീകരണസംവിധാനങ്ങൾ തുടങ്ങിയവ കാടുമൂടിത്തുടങ്ങി. സംഭരണിയിൽനിന്ന് രണ്ടാംവിള നെൽക്കൃഷിക്ക് ആവശ്യത്തിന് വെള്ളം നൽകാൻ പ്രയാസപ്പെടുമ്പോഴും 2050 വരെ അന്ന് പ്രതീക്ഷിക്കുന്ന ജനസംഖ്യയായ 1,74,254 പേർക്ക് വെള്ളം നൽകാനാകുമെന്നാണ് വാട്ടർ അതോറിറ്റിയുടെ പഠനം.
ജോലികൾ മുടങ്ങിയിട്ട് അഞ്ചു മാസം
പ്രധാനടാങ്കിന്റെയും ശുദ്ധീകരണസംവിധാനത്തിന്റെയും നിർമാണം പൂർത്തിയായെങ്കിലും ടൈൽ പതിപ്പിക്കൽ, വൈദ്യുതീകരണജോലികൾ തുടങ്ങി അനുബന്ധപ്രവർത്തനങ്ങൾ അഞ്ച് മാസമായി മുടങ്ങിക്കിടക്കുകയാണ്.
സർക്കാരിൽനിന്ന് പണം ലഭിക്കാതായതോടെ കരാർ കമ്പനി സാമ്പത്തികപ്രതിസന്ധിയിലായതാണ് ജോലി മുടങ്ങാൻ കാരണമായത്.
കിഫ്ബി വഴി 69 കോടിയും ജൽജീവൻ മിഷന്റെ 84 കോടിയും ചേർത്ത് 153 കോടി രൂപയുടേതാണ് മംഗലംഡാം കുടിവെള്ളപദ്ധതി.
ഫോട്ടോ :
മംഗലം ഡാമിൽ ചെളി നീക്കം ചെയ്യാൻ എത്തിച്ച സോർട്ടിങ് പ്ലാന്റ് കാട് മൂടിയ നിലയിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq