മലഞ്ചരക്ക് വ്യാപാരവും പ്രതിസന്ധിയില്‍ പിടിച്ചുനിൽക്കുന്നത് തോട്ടപ്പയര്‍ മാത്രം

Share this News


വടക്കഞ്ചേരി; ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് വന്യ മൃഗശല്യത്തിനു പുറമെ മലഞ്ചരക്കുകള്‍ക്ക് വിലക്കുറഞ്ഞതും തിരിച്ചടിയാകുന്നു. കിഴക്കഞ്ചേരി, മംഗലംഡാം, ഒലിപ്പാറ മേഖലയിലെ പരമ്പരാഗത കര്‍ഷകരാണ് മലഞ്ചരക്ക് വിപണി വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായത്. റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി ചെയ്തിട്ടുള്ള തോട്ടപ്പയര്‍മാത്രമാണ് ഇപ്പോള്‍ വില ഉയന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 900 രൂപയായിരുന്നത് ഇത്തവണ കിലോയ്ക്ക് 1500-1600 രൂപയായാണ് ഉയര്‍ന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റവും, പന്നിയുള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്യവും മൂലം തോട്ടപ്പയറിന്റെ ഉല്‍പ്പാദനവും കുറയുകയും ചെയ്തു. വടക്കഞ്ചേരിയിലെ വ്യാപാരികളാണ് തോട്ടപ്പയര്‍ വാങ്ങുന്നത്. മലേഷ്യ, ഇന്ത്യേനേഷ്യ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും തോട്ടപ്പയര്‍ കയറ്റിവിടുന്നത്.
കഴിഞ്ഞ വര്‍ഷം മഞ്ഞളിന് കിലോയ്ക്ക് 230 രൂപയായിരുന്നത് ഇത്തവണ 170 രൂപയായി കുറഞ്ഞു. കേരളത്തിലെ മഞ്ഞള്‍,ഇഞ്ചി കര്‍ഷകര്‍ കൂട്ടത്തോടെ തമിഴ്‌നാട്, ആന്ദ്രാപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ ഭാഗങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയതോടെ ഉല്‍പ്പാദന ചെലവ് കുറയുകയും ചെയ്‌തോടെയാണ് വിപണിയില്‍ മഞ്ഞള്‍ വില കുത്തനെ കുറഞ്ഞത്.
ചുക്ക് കഴിഞ്ഞ വര്‍ഷം 200-250 രൂപയായിരുന്നു. ഇത്തവണ വിളവെടുപ്പ് സജീവമായിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ കിലോയ്ക്ക് 300 രൂപയാണ്. കൊടക് ചുക്ക് പാവിന് നിലവില്‍ കിലോയ്ക്ക് 400 രൂപ വിലയുണ്ട്. കുരുമുകള് കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പ്പാദനം കുറവായതിനാല്‍ മികച്ച വില ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 650 രൂപയാണ് ഇപ്പോള്‍ കുരുമുളക് വില. കശുവണ്ടി കിലോയ്ക്ക് 150 രൂപയും, അടയ്ക്കക്ക് 330 രൂപയും വാട്ടുകപ്പ കിലോയ്ക്ക് 60 രൂപയുമാണ് വില.
തൊഴിലാളികളുടെ കൂലി വര്‍ധനവും, ഉല്‍പ്പാദന ചെലവും കൂടുതലായതിനാല്‍ മിക്ക കര്‍ഷകരും മറ്റു സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ കൃഷി ഇറക്കിത്തുടങ്ങിയതോടെ കേരളത്തില്‍ വിലക്കുറവ് അനുഭവപ്പെടുന്നതിനാല്‍ ചെറുകിട കര്‍ഷകരും പ്രതിസന്ധിയിലാകുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!