

വടക്കഞ്ചേരി;കാലപ്പഴക്കം മൂലം പൊളിച്ചു കളഞ്ഞ വടക്കഞ്ചേരി ചെറുപുഷ്പം ജങ്ഷനിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം യാത്രക്കാർക്ക് ഇരിക്കാൻ പുതിയ ഷെൽട്ടർ പണിയാത്തത് ജനങ്ങൾക്ക് ദുരിതമാവുന്നു. രാത്രിയിൽ യാതൊരു സുരക്ഷയില്ലാത്ത അവസ്ഥയിലാണ് ചെറുപുഷ്പം ബസ്സ് സ്റ്റോപ്പ്. വൈകുന്നേരം ആറു മണിക്ക് ശേഷം വിജനമാകുന്ന ഇവിടെ സ്ത്രീ യാത്രക്കാർക്ക് ഭീതിയോടെയെ ഇവിടെ നിൽക്കാൻ കഴിയു.
നിലവിൽ ഇവിടെയുണ്ടായിരുന്ന പതിറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന വെയിറ്റിങ് ഷെഡ്ഡ് കോൺക്രീറ്റ് ഇളകി ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലായിരുന്നു. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് നിരന്തരം നാട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് അധികൃതർ ഷെഡ്ഡ് പൊളിച്ചു നീക്കിയത്. ഉടൻ തന്നെ പുതിയ വെയിറ്റിങ് ഷെഡ്ഡ് പണിയും എന്ന ഉറപ്പ് മാസങ്ങൾക്ക് ശേഷവും പാലിക്കപ്പെട്ടിട്ടില്ല.
പൊരിവെയിലത്തും കനത്ത മഴയിലും യാത്രക്കാർ റോഡരുകിൽ നിൽക്കുന്ന ദയനീയ അവസ്ഥ കണ്ടിട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഇവിടെ താത്കാലികമായി ഒരു ഷെഡ്ഡ് പണിതു നൽകിയത്. ഇത് അധികൃതർക്ക് സ്ഥിരം വെയിറ്റിങ് ഷെഡ്ഡ് പണി നീട്ടികൊണ്ട് പോകാൻ കാരണമായി എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വടക്കഞ്ചേരി നഗരത്തിലേക്ക് പാലക്കാട് നിന്ന് വരുന്ന ബസ്സുകൾ വൺ വേ ആയതിനാൽ പോകില്ല. യാത്രക്കാർ ചെറുപുഷ്പം സ്റ്റോപ്പിൽ ഇറങ്ങണം.അതുപോലെ തൃശ്ശൂർക്ക് പോകേണ്ടവർ കയറേണ്ടതും ഈ സ്റ്റോപ്പിൽ നിന്നാണ്. നാല് സ്കൂൾ, വില്ലേജ് ഓഫീസ്, ട്രഷറി, ബാങ്കുകൾ, ആശുപത്രി, പള്ളി, റസ്റ്റ് ഹൗസ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഈ ഭാഗത്തുണ്ട്. സ്കൂൾ തുറന്നാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ സ്റ്റോപ്പ് വഴി വേണം പോകാൻ. ഇത്രയും പ്രാധാന്യമുള്ള ചെറുപുഷ്പം ജങ്ഷനിൽ സുരക്ഷയുള്ള ഒരു ബസ്സ് കാത്തിരിപ്പ് കേന്ദ്രം അധികൃതർ എന്ന് യഥാർഥ്യമാക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KnJdNEU5a7kDUL6sShYkJS
