
വാണിയമ്പാറയിൽ ദേശീയ പാത നിർമ്മാണ കമ്പനിയുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കുതിരാൻ ജനകീയ കൂട്ടായ്മ
✍️സന്തോഷ് കുന്നത്ത്
മണ്ണുത്തി – വടക്കഞ്ചേരി ദേശീയ പാത നിർമ്മാണകമ്പനിയുടെ അനാസ്ഥക്കെതിരെ കുതിരാൻ ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അടിപ്പാതകളുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ജനകീയ കൂട്ടായ്മ ചെയർമാർ രാഹുൽ വാണിയമ്പാറ പറഞ്ഞു.
ദേശീയ പാത 544 ൽ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിൽ നടക്കുന്ന അടിപ്പാത നിർമ്മാണ ഇടങ്ങളിൽ ബദൽ സംവിധാനമായി ഏർപ്പെടുത്തിയ സർവീസ് റോഡുകൾ യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയിലാണ്. ഒരു വശത്തു നിർമ്മാണം നടക്കുകയും സർവീസ് റോഡുമായി വേർതിരിവോ സിഗ്നലോ ഇല്ലാത്തതും വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യതയേറുകയാണ്.
അടിപ്പാത നിർമ്മാണത്തിനായി വലിയ കുഴികൾ കുഴിച്ചു കോൺക്രീറ്റ് ചെയ്യുന്നതിനായി കമ്പികൾ സ്ഥാപിച്ചിട്ടുണ്ട്. ഏതെങ്കിലും വാഹനം സൈഡിലേക്ക് ഒതുക്കേണ്ടി വന്നാൽ കുഴിയിൽ പെടാൻ സാധ്യതയുണ്ട്.
സർവീസ് റോഡിൽ നിറയെ വലിയ ഗർത്തങ്ങളാണ്. മഴയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴിയറിയാതെ ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണെന്ന് രാഹുൽ വാണിയമ്പാറ പറയുന്നു. കുഴി ഒഴിവാക്കാൻ വലിയ വാഹനങ്ങൾ വെട്ടിച്ചാൽ കോൺക്രീറ്റിനായി സ്ഥാപിച്ച കമ്പികളിൽ ഇടിക്കാനോ, ബീമുകൾ സ്ഥാപിക്കുന്ന കുഴിയിലോ അകപ്പെട്ടാൽ വലിയ ദുരന്തമാണുണ്ടാവുക.
ഏറ്റവും അപകടം നിറഞ്ഞ അവസ്ഥ വാണിയമ്പറായിലാണ്. നിരവധി അപകടങ്ങളും നിത്യേന ഗതാഗത കുരുക്കുമുണ്ടാകുന്ന ഇവിടുത്തെ പ്രശ്നം നിർമ്മാണ കമ്പനി കണ്ടില്ലെന്ന് നടിക്കുകയാണ്. അധികൃതരും കണ്ണടക്കുന്നു.
കനത്ത മഴയിൽ ഇനി നിർമ്മാണ പ്രവർത്തനം നിലക്കാനാണ് സാധ്യത. ഇപ്പോൾ തന്നെ അപകടം നിറഞ്ഞ വടക്കഞ്ചേരി – മണ്ണുത്തി യാത്ര ഇനി കൂടുതൽ ദുരിതം നിറഞ്ഞതാകും. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മതിയായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും, നിർമ്മാനങ്ങൾ പൂർത്തിയാക്കുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കണമെന്നും കുതിരാൻ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. കളക്ടറുടെ ഇടപെടൽ വിജയം കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി കൂട്ടായ്മ രംഗത്തിറങ്ങുമെന്ന് കുതിരാൻ ജനകീയ കൂട്ടായ്മ ഭാരവാഹികളായ രാഹുൽ എൻ സി , ഐ വി സാംജി , ലിമോ ഇരട്ടിയാനിക്കൽ എന്നിവർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
