
ലഹരിക്കെതിരെ കായിക പോരാട്ടം, ആവേശം വാനോളം ; വടം വലിക്കായി ‘പാളയം ബ്രദേഴ്‌സ്’ റെഡി

ഓണം ആഘോഷങ്ങളുടെ നാളുകളാണ്. കൂടെ ലഹരിയുടെ കുത്തൊഴുക്കിന്റെ കാലവും. മത്സര ആഘോഷത്തോടൊപ്പം ലഹരിക്കെതിരെയുള്ള പോരാട്ടവും ബോധവൽക്കാരണവും കൂടി ചേർന്ന് വടക്കഞ്ചേരി ‘ പാളയം ബ്രദേഴ്‌സ് ‘ കേരളത്തിൽ ഓണക്കാലത്തു നടക്കുന്ന വടംവലി മത്സരത്തിനായി തയ്യാറെടുക്കുന്നത്.
നാട്ടില്‍ എവിടെയും ഓണാഘോഷങ്ങളുടെ തയാറെടുപ്പുകള്‍ തകൃതിയായി നടക്കുമ്പോഴാണ് വടക്കഞ്ചേരി ടൗണിനടുത്തു പാളയത്തെ ചെറുപ്പക്കാർ വടംവലിയുടെ തീവ്രപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ഭക്ഷണക്രമീകരണത്തില്‍ ശരീരഭാരം കുറച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പാളയത്തെ 25 ഓളം ചെറുപ്പക്കാർ. മഴക്കാലത്ത് നിർത്തിവച്ച പരിശീലനം കഴിഞ്ഞ ദിവസമാണ് ഇവർ തുടങ്ങിയത്.
മാറിനിന്ന മഴ വീണ്ടും എത്തിയത് പരിശീലനത്തിനും തടസമാകുന്നുണ്ട്. എങ്കിലും ദിവസവും രാത്രി ഏഴു മുതല്‍ പത്തുമണിവരെ പരിശീലനമുണ്ട്. പാളയം – കരിപ്പാലി റോഡില്‍ പാളയം പുഴക്കടുത്ത് വടംവലി പരിശീലനത്തിനുള്ള ഷെഡിലും വീടുകള്‍ക്കിടയില്‍ വെളിച്ചമുള്ള റോഡിലുമാണ് പരിശീലനം.
തുല്യ രണ്ടു ടീമുകളായി നിന്നാണ് വടം വലിച്ച് ബലാബലം നോക്കുക. രണ്ട് പതിറ്റാണ്ടിലേറെയായി വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന രാജനാണ് ടീം ക്യാപ്റ്റൻ. അയ്യപ്പൻ, രാജീവ്, പ്രവീണ്‍, രാജേഷ്, സതീഷ്, മനോജ് എന്നിവരാണ് എ ടീം വലിക്കാർ. 20നും 45 വയസിനും ഇടയ്ക്ക് പ്രായമുള്ള ദിവസ ജോലിക്കാരാണ് ഇവരെല്ലാം.
ഇവരെ കൂടാതെ റിസർവ് വലിക്കാരുമായി 15 ലേറെ പേർ വേറെയുമുണ്ട്. ഏഴു പേരാണ് മത്സരത്തിന് ഇറങ്ങുക. ഏഴുപേരുടെയും കൂടി മൊത്തം ശരീരഭാരം 460 കിലോയെ പാടുള്ളു. 100 ഗ്രാം വരെ കൂടിയാല്‍ ടീം പുറത്താകും. ഇതിനാല്‍ മത്സ്യമാംസാഹാരം കുറച്ച് ശരീരഭാരം അനുവദനീയ തൂക്കത്തിലാക്കിയാണ് പരിശീലനമുറകള്‍ നടത്തുന്നത്.
ഇവരെ കൂടാതെ പുതുതലമുറക്കാരും പരിശീലനത്തിലുണ്ട്. പാരമ്പര്യമായി നല്ല വടംവലി ടീമുള്ള സ്ഥലമാണ് പാളയം. മത്സരത്തില്‍ പാളയം ബ്രദേഴ്‌സ് പങ്കെടുക്കുന്നുണ്ടെങ്കില്‍ മറ്റു ടീമുകള്‍ക്കെല്ലാം നെഞ്ചിടിപ്പ് കൂടും.
മത്സരത്തില്‍ പങ്കെടുത്താല്‍ പിന്നെ സമ്മാനങ്ങളും ട്രോഫിയുമായിട്ടെ പാളയത്തുകാർ തിരിച്ചുവരു. പല ജില്ലകളിലേക്കും ടീം മത്സരിക്കാൻ പോകുന്നുണ്ട്.പാലക്കാട് ജില്ലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന നിരവധി വടംവലി ടീമുകള്‍ ഉണ്ടെന്നാണ് പാളയത്തുകാർ പറയുന്നത്.
ഓണനാളുകളില്‍ ചില ദിവസം മൂന്ന് മത്സരങ്ങളില്‍ വരെ പങ്കെടുക്കാറുണ്ടെന്ന് ടീമിലെ അംഗങ്ങൾ പറഞ്ഞു. ഫുട്ബോളും ക്രിക്കറ്റും പോലെ വടംവലിയും ആവേശവും ലഹരിയുമാണ്. കാഷ് പ്രൈസോ ട്രോഫിയോ അല്ല അതിനുമപ്പുറം ആവേശം വാനോളമൊപ്പമെത്തി നില്‍ക്കുന്ന കാണികള്‍ക്ക് മുന്നില്‍ ജയിക്കണമെന്നുള്ള വാശിയിലാണ് വലിക്കുക. യുവാക്കള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നതില്‍ നിന്നുള്ള മുക്തി കൂടിയാണ് വടംവലി പോലെയുള്ള കായിക കളരിയെന്ന് ഇവർ പറയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
