
ചെമ്പൈ സംഗീതോത്സവം സമാപിച്ചു
ഏകാദശിയുടെ പുണ്യം നുകരാൻ, കണ്ണനെ കണ്ടു തൊഴാൻ പതിനായിരങ്ങൾ ഗുരുവായൂരിലെത്തി. അർധരാത്രി മുതൽ കൂത്തമ്പലത്തിൽ വേദജ്ഞർക്ക് ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ അനുഗ്രഹം തേടി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഉദയാസ്തമയ പൂജയോടെയാണ് ഏകാദശി ആഘോഷിച്ചത്. കാലത്തെ ശീവേലിക്കു ശേഷം ചടങ്ങ് തുടങ്ങി. ഓരോ 5 പൂജ കഴിയുമ്പോഴും ഭക്തർക്ക് ദർശനത്തിന് അവസരം നൽകി.കാലത്ത് കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചു. തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണത്തിൽ പഞ്ചാരിമേളം അകമ്പടിയായി.പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിൽ കൊമ്പൻ ശ്രീധരൻ കോലം എഴുന്നള്ളിച്ചു. പല്ലശ്ശന മുരളി പഞ്ചവാദ്യം നയിച്ചു. ഏകാദശി വ്രത വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിൽ 35,000ത്തിലേറെ ഭക്തർ പങ്കെടുത്തു. സന്ധ്യയ്ക്ക് പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗീതാദിന ശ്രീകൃഷ്ണ രഥം എഴുന്നള്ളിച്ചു. വടക്കേനടയിൽ പൈതൃകം ഗുരുവായൂർ ദീപക്കാഴ്ച ഒരുക്കി. 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം ചെമ്പൈയുടെ ഇഷ്ട കീർത്തനങ്ങൾ പാടി രാത്രി സമാപിച്ചു. ഏകാദശിക്കും ചെമ്പൈ സംഗീതോത്സവത്തിനും പ്രയത്നിച്ചവർക്ക് ദേവസ്വം ഉപഹാരം നൽകി. ഇന്നു കാലത്ത് 7 മുതൽ 11 വരെ ഭക്തർക്ക് ദ്വാദശി ഊട്ട് നൽകും. ഇന്നു കാലത്ത് 8ന് ക്ഷേത്ര നടയടച്ചാൽ വൈകിട്ട് 4ന് മാത്രമേ തുറക്കൂ. നടയടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, വാഹന പൂജ വഴിപാടുകൾ ഉണ്ടാകില്ല.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
