
തൃശൂർ കോർപ്പറേഷൻ 21-ാം ഡിവിഷൻ കിഴക്കുംപാട്ടുകരയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്തു. എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ എം.എൽ റോസിക്കെതിരെ 22 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡോ. നിജി ജസ്റ്റിൻ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ രാവിലെ 10.30 മണിയോടെയാണ് മേയർ തിരഞ്ഞെടുപ്പ് നടപടികളാരംഭിച്ചത്. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ജില്ലാ കളക്ടർ വിശദീകരിച്ചു.
യു ഡിഎഫ് സ്ഥാനാർത്ഥിയായി ഡോ.നിജി ജസ്റ്റിൻ, എൽഡിഎഫ് സ്ഥാനാർത്ഥിയായി എം എൽ റോസി, എൻഡിഎ സ്ഥാനാർത്ഥിയായി പൂർണിമ സുരേഷ് എന്നിവരാണ് വോട്ടെടുപ്പിൽ മത്സരിച്ചത്.
ഒന്നാം ഡിവിഷൻ കൗൺസിലർ ആദ്യത്തെ വോട്ട് രേഖപ്പെടുത്തി. തുടർന്ന് 56 കൗൺസിലർമാരും വോട്ട് രേഖപ്പെടുത്തി. 35 വോട്ടുകളാണ് ഡോ. നിജി ജസ്റ്റിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എം എൽ റോസിക്ക് 13 വോട്ടും എൻഡിഎ സ്ഥാനാർത്ഥി പൂർണിമ സുരേഷിന് എട്ട് വോട്ടും ലഭിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഡോ. നിജി ജസ്റ്റിനെ മേയറായി പ്രഖ്യാപിച്ച് പൂച്ചെണ്ട് നൽകി അനുമോദിച്ചു. പുതിയ മേയർക്ക് ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മേയറെ കളക്ടർ ഗൗൺ അണിയിച്ചു
കോർപ്പറേഷൻ രജിസ്റ്ററിലും മറ്റു പ്രധാന രേഖകളിലും മേയർ ഡോ. നിജി ജസ്റ്റിൻ ഒപ്പ് രേഖപ്പെടുത്തി. ഡെപ്യൂട്ടി കളക്ടർ ( ഇലക്ഷൻ) കെ കൃഷ്ണകുമാർ വിവിധ പാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ തുടങ്ങിയവർ മേയറെ പൊന്നാടയണിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
