
ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലാകും; ശബരി, ഗുരുവായൂർ- തിരുനാവായ എന്നീ പദ്ധതികൾ മരവിപ്പിച്ച തീരുമാനം റെയിൽവേ മന്ത്രാലയം പിൻവലിച്ചു
അങ്കമാലി–എരുമേലി ശബരി പാത, ഗുരുവായൂർ–തിരുനാവായ എന്നീ പദ്ധതികൾ മരവിപ്പിച്ച തീരുമാനം റെയിൽവേ മന്ത്രാലയം പിൻവലിച്ചു. 2019 ഡിസംബറിലാണ് പദ്ധതിച്ചെലവു ഗണ്യമായി കൂടിയതു മൂലവും സംസ്ഥാന സർക്കാർ പകുതിച്ചെലവു വഹിക്കാൻ തയാറാകാത്തതു കണക്കിലെടുത്തും ശബരിപാത കേന്ദ്രം മരവിപ്പിച്ചത്. സർവേ പൂർത്തിയാക്കാൻ കേരളം സഹകരിക്കുന്നില്ലെന്നു കാണിച്ചാണു ഗുരുവായൂർ–തിരുനാവായ പദ്ധതി മരവിപ്പിച്ചത്. ഇതുമൂലം തുടർന്നുള്ള ബജറ്റുകളിൽ ഈ പദ്ധതികൾക്ക് അനുവദിച്ച പണമൊന്നും ചെലവഴിക്കാതെ വകമാറ്റിപ്പോയി. ഗുരുവായൂർ–തിരുനാവായ പദ്ധതി മലബാറിലേക്കുള്ള റെയിൽദൂരം കുറയ്ക്കുന്നതും പെട്ടെന്ന് പൂർത്തിയാക്കാവുന്നതുമായ പദ്ധതിയാണ്.35 കിലോമീറ്റർ മാത്രം ദൂരമുള്ള പാതയുടെ സർവേ കുന്നംകുളം വരെ നടന്നെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ നടത്താൻ കേരളം വേണ്ട സഹായം ചെയ്യാത്തതു മൂലമാണു പദ്ധതി മരവിപ്പിച്ചത്. 1995ൽ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി തറക്കല്ലിട്ട പദ്ധതിയാണിത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മെട്രോമാൻ ഇ.ശ്രീധരനും പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 32 വർഷം മുൻപ് 1994 ജനുവരി 9നാണ് തൃശൂർ– ഗുരുവായൂർ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങിയത്. 1995 ഡിസംബർ 17ന് സുരേഷ് കൽമാഡി ഗുരുവായൂർ–കുറ്റിപ്പുറം പാതയ്ക്ക് തറക്കല്ലിട്ടു. കുറ്റിപ്പുറം എന്നത് മാറ്റി തിരൂർ, താനൂർ, തിരുനാവായ എന്ന് പല നിർദേശങ്ങളും വന്നു. ഒടുവിൽ തിരുനാവായ പാതയുടെ അലൈൻമെന്റ് നിശ്ചയിച്ചു. റെയിൽവേ ബജറ്റിൽ തുക വകയിരുത്തി. സംസ്ഥാന സർക്കാർ ഗുരുവായൂരിലും തിരുനാവായയിലും ലാൻഡ് അക്വിസിഷൻ ഓഫിസ് തുടങ്ങി.
ഗുരുവായൂർ–തിരുനാവായ റെയിൽപാത പദ്ധതിയിൽ സംസ്ഥാന വിഹിതം വേണോ വേണ്ടയോ എന്നതു സംബന്ധിച്ചു റെയിൽവേ തീരുമാനം എടുക്കുക സർവേയും വിശദമായ പഠന റിപ്പോർട്ടും(ഡിപിആർ) തയാറായ ശേഷം. പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ ബോർഡ് റദ്ദാക്കിയതോടെ അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കി ഡിപിആർ തയാറാക്കാനാണ് ആദ്യ മുൻഗണന. അതിനു ശേഷമാകും പദ്ധതിവിഹിതം സംബന്ധിച്ചു തീരുമാനമുണ്ടാകുക. ഗുരുവായൂർ–തിരുനാവായ പദ്ധതി ഷൊർണൂർ–തൃശൂർ പാതയിലെ തിരക്കു കുറയ്ക്കാൻ സഹായിക്കും. ഷൊർണൂർ–എറണാകുളം പാതയിൽ കയറ്റിറക്കങ്ങൾ കൂടുതലായതിനാൽ പരമാവധി വേഗം 80 കിലോമീറ്റർ മാത്രമാണ്. കേരളത്തിലെ ഏറ്റവും വേഗം കുറഞ്ഞ സെക്‌ഷനുകളിലൊന്നാണിത്. ഗുരുവായൂർ–തിരുനാവായ പാത കടന്നുപോകുന്നതു കൂടുതലും സമതല പ്രദേശങ്ങളിലൂടെയാണ്
ഇതു പാതയിൽ കൂടുതൽ വേഗം സാധ്യമാക്കും. ക്ഷേത്രനഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളെല്ലാം വലിയ ടെർമിനൽ സ്റ്റേഷനുകളായി മാറിയിട്ടും ഗുരുവായൂർ സ്റ്റേഷനിൽ കാര്യമായ വികസനം എത്തിയിട്ടില്ല. ഗുരുവായൂർ, പാതയിലെ അവസാന സ്റ്റേഷനായതാണ് ഇതിനു കാരണം. ആകെ 3 പ്ലാറ്റ്ഫോമുകൾ മാത്രമുള്ള സ്റ്റേഷനിൽ ഒട്ടേറെ പരിമിതികളുണ്ട്. പാത തിരുനാവായയിലേക്കു നീട്ടുന്നതോടെ രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലെ റെയിൽവേ സ്റ്റേഷനുകളായ ശ്രീമാതാ വൈഷ്ണോ ദേവി കത്ര, വാരാണസി എന്നിവ പോലെ ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലായി മാറും. ഇപ്പോൾ 7 ട്രെയിൻ സർവീസുകളാണു തൃശൂർ–ഗുരുവായൂർ റൂട്ടിലുള്ളത്. പാത നീട്ടുന്നതോടെ ഇതുവഴി കൂടുതൽ സർവീസുകൾ വരുന്നത് തീർഥാടകർക്കും നേട്ടമാകും. ഇപ്പോൾ പ്ലാറ്റ്ഫോമുകളുടെ കുറവു മൂലം മണിക്കൂറുകളോളം ഗുരുവായൂരിൽനിന്നു ട്രെയിനുകളില്ലാത്ത സ്ഥിതിയുണ്ട്. മലബാറിൽനിന്നു ഗുരുവായൂരിലേക്കു നേരിട്ടു ട്രെയിനുകളില്ലാത്ത പ്രശ്നത്തിനു പുതിയ പാത പരിഹാരമാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


