ജനസേവനത്തിന്റെ 25 വർഷം; മണ്ണുത്തി ജനസേവന സമിതിയുടെ രജത ജൂബിലി ആഘോഷിച്ചു

Share this News

ജനസേവനത്തിന്റെ 25 വർഷം; മണ്ണുത്തി ജനസേവന സമിതിയുടെ രജത ജൂബിലി ആഘോഷിച്ചു

മണ്ണുത്തി പ്രദേശത്തെ സാമൂഹ്യ സേവന രംഗത്ത് നിർണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ജനസേവന സമിതി രൂപീകരിച്ചിട്ട് ഇരുപത്തിയഞ്ച് വർഷം പിന്നിടുന്നു. 2000 – ത്തിലാണ് സംഘടന രൂപീകൃതമാകുന്നത്.മണ്ണുത്തി പ്രദേശത്ത് അക്കാലത്ത് നേരിട്ട കുടിവെള്ള ക്ഷാമം ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച യോഗത്തിലൂടെയാണ് സമിതി രൂപീകരണത്തിന് കാരണമായത്. ഒല്ലൂക്കര പഞ്ചായത്ത്‌ മെമ്പറായിരുന്ന എം.കെ. വർഗീസ് ജനസേവന സമിതിയുടെ ആദ്യ പ്രസിഡന്റായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 25 വർഷക്കാലമായി സമിതിയുടെ പ്രസിഡന്റായി തുടരുന്ന എം.കെ. വർഗീസ് പിന്നീട് തൃശൂർ കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു
സംഘടനയുടെ വളർച്ചയിലും വിശ്വാസ്യതയിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് നിർണായക പങ്കുണ്ടായി.
കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം ജനസേവന സമിതി നിരവധി സാമൂഹിക സേവന- ജീവ കാരുണ്യ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കി. സൗജന്യ കണ്ണ് പരിശോധന ക്യാമ്പുകൾ,ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ,നിർധനരായ രോഗികൾക്കും കുടുംബങ്ങൾക്കും സാമ്പത്തിക സഹായങ്ങൾ തുടങ്ങി പ്രളയ- കോവിഡ് കാലത്തും മാതൃകപരമായ സേവന പ്രവർത്തനങ്ങൾ നടത്തി. അടിയന്തര സാഹചര്യങ്ങളിൽ സഹായ ഹസ്തവുമായി സമിതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ സമിതിയുടെ മുഖമുദ്രയായി മാറി. രാഷ്ട്രീയ-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുള്ള സേവന സമീപനമാണ് സമിതിയുടെ ശക്തി.
ജനസേവന സമിതിയുടെ രജത ജൂബിലി ആഘോഷങ്ങൾ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. തൃശൂർ കോർപറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മുൻ മേയറും സമിതി പ്രസിഡന്റുമായ എം.കെ. വർഗീസ് അധ്യക്ഷനായിരുന്നു. കോർപറേഷൻ കൗൺസിലർ സിന്റോമോൾ സോജൻ,സമിതി സെക്രട്ടറി സി.ഒ.വിൽ‌സൺ, വൈസ് പ്രസിഡന്റ്‌ പി.ജി. മുരളീധരൻ, ജോയിന്റ് സെക്രട്ടറി ജാനകി മംഗലത്ത്, ട്രഷറർ ലീബ ഡിക്സൺ, യുവജന സെക്രട്ടറി ദിൽജിത്ത് സോമനാഥൻ എന്നിവർ സംബന്ധിച്ചു.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായവും സമിതി അംഗങ്ങളുടെ നേത്രദാനത്തിനുള്ള സമ്മതപത്രവും കൈമാറി. തുടർന്ന് ഗാനമേളയും ഉണ്ടായിരുന്നു

സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും കൈവിടാതെ മുന്നേറുന്ന ജനസേവന സമിതിയുടെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ സമൂഹ്യപ്രദമായ പദ്ധതികളിലൂടെ തുടരണമെന്ന്‌ സമിതി ഭാരവാഹികൾ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!