ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം;  മരിക്കാത്ത സ്മരണകളില്‍ രാജ്യം

Share this News

ഇന്ന് രക്തസാക്ഷിത്വ ദിനം; മഹാത്മാഗാന്ധിയുടെ മരിക്കാത്ത സ്മരണകളില്‍ രാജ്യം

രാജ്യത്തിൻറെ അഭിമാനമായിരുന്ന മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമാണ് ഇന്ന്. ഒരു മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് ഗാന്ധി പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 78 വര്‍ഷം. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി ഏറുന്ന കാലത്താണ് ഈ ഓര്‍മദിനം കടന്നുപോകുന്നത്
മനുഷ്യത്വത്തിന്റെ പൂന്തോട്ടത്തില്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും തണലേകിയ വലിയൊരു ആല്‍മരമായിരുന്നു ഗാന്ധിജി. സത്യവും സഹിഷ്ണുതയും സത്യഗ്രഹവുമായിരുന്നു ഗാന്ധിജിയുടെ ആയുധങ്ങള്‍. അഹിംസയിലായിരുന്നു ഊന്നല്‍. തന്റെ ബോധ്യങ്ങളുടെ ശക്തി ഉപയോഗിച്ചാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഗാന്ധിജി വെല്ലുവിളിച്ചത്.
1948 ജനുവരി 30 വൈകിട്ട് 5.17ന് ഡല്‍ഹിയിലെ ബിര്‍ള ഹൗസിലാണ് രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിദമായ കൊലപാതകം നടക്കുന്നത്. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാനായി നീങ്ങുകയായിരുന്ന എഴുപത്തെട്ടുകാരന്റെ മുന്നിലേക്ക് അനുയായികള്‍ക്കിടയില്‍ നിന്നും ഒരാള്‍ കടന്നുവന്നു. ഗാന്ധിജിയെ വണങ്ങിയശേഷം പിസ്റ്റള്‍ പുറത്തെടുത്ത്, ദുര്‍ബലമായ ആ ശരീരത്തിലേക്ക് മൂന്നു തവണ വെടിയുതിര്‍ത്തു. ഇന്ത്യയുടെ ആത്മാവാണ് മുറിവേറ്റ് ആ മണ്ണിലേക്ക് പിടഞ്ഞുവീണത്. ലോകം കണ്ട ഏറ്റവും നിഷ്ഠുരനായ കൊലപാതകിയായി നാഥുറാം വിനായക് ഗോഡ്‌സെ മാറി.

‘നമ്മുടെ ജീവിതങ്ങളില്‍ നിന്നും വെളിച്ചം നഷ്ടമായിരിക്കുന്നു. എല്ലായിടത്തും അന്ധകാരം വ്യാപിച്ചിരിക്കുന്നു…’ ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ച് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ വാക്കുകളില്‍ എല്ലാം അടങ്ങിയിരുന്നു. ഒരു രാഷ്ട്രത്തിന്റെ പ്രകാശധാരയാണ് നിലച്ചുപോയത്. അഹിംസയിലൂന്നിയ പ്രതിരോധത്തിന്റെ ശക്തി തലമുറകള്‍ക്കു പകര്‍ന്നുകൊണ്ട്, ഗാന്ധി ഇപ്പോഴും ജനതയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!