ഇന്ത്യയിലെ മികച്ച സ്പോർട്സ് കോളേജായി സെന്റ് തോമസ് കോളേജ്; പ്രൊഫ. ഡോ. ടോയ് തോമസിന് ദേശീയ അവാർഡ്

Share this News

ഇന്ത്യയിലെ മികച്ച സ്പോർട്സ് കോളേജായി സെന്റ് തോമസ് കോളേജ്; പ്രൊഫ. ഡോ. ടോയ് തോമസിന് ദേശീയ അവാർഡ്

കായിക മേഖലയിൽ ശ്രദ്ധേയമായ  ദേശീയ ബഹുമതി നേടി തൃശ്ശൂർ സെന്റ് തോമസ് കോളേജ്, അക്കാദമിക്, കായിക മികവിന്റെ കേന്ദ്രമെന്ന നിലയിൽ കൂടുതൽ പ്രശസ്തിയിലേക്ക്. ഇന്ത്യാ ഗവൺമെന്റിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള  ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ കായികരംഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച കോളേജിനുള്ള പ്രശസ്തമായ  ദേശീയ പുരസ്കാരത്തിനായി തൃശ്ശൂർ സെന്റ്‌ തോമസ് കോളേജിനെ തിരഞ്ഞെടുത്തു. സെന്റ് തോമസ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിലെ പ്രൊഫ. ഡോ. ടോയ് തോമസ് രാജ്യത്തെ  മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് അധ്യാപകനുള്ള ദേശീയ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ 27 വർഷത്തെ കോളേജ് അധ്യാപന പരിചയ സമ്പത്ത്,  പ്രൊഫഷണൽ മികവ്,കോളേജിലെ  അത്‌ലറ്റിക്സ്, ഫുട്ബോൾ, ഹോക്കി, ക്രിക്കറ്റ്, സ്വിമ്മിംഗ് , വാട്ടർ പോളോ, യോഗ, ചെസ്സ്, വെയിറ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിംഗ്, ഫെൻസിംഗ്, ബോഡി ബിൽഡിംഗ്, സൈക്ലിംഗ്, സെപക് താക്രോ, ടെന്നീസ്, സോഫ്റ്റ്‌ ടെന്നീസ്, ജൂഡോ, റസലിംഗ്, കരാട്ടെ, ബോക്സിങ്, വുഷു, ആർച്ചറി, ബീച്ച് ഫുട്ബോൾ, ബാഡ്മിന്റൺ, ഷൂട്ടിംഗ് ക്രോസ് കൺട്രി, തുടങ്ങിയ 25 ഇൽ അധികം വരുന്ന ടീമുകളുടെ ഏകോപനം, ഉന്നത നിലവാരം,കൊളീജിയറ്റ് തലത്തിലും സർവ്വകലാശാല തലത്തിലും  കായിക വിഭാഗത്തിന് നൽകിയ ഗണ്യമായ സംഭാവനകൾ എന്നിവയെയാണ് അവാർഡ് അംഗീകരിക്കുന്നത്.  ചെറുവത്തൂർ വീട്ടിൽ ഡോ. ടോയ് തോമസ് മണ്ണുത്തി സ്വദേശിയായ ഇദ്ദേഹം കാലിക്കറ്റ് സർവകലാശാലയിലെ റിസർച്ച് ഗൈഡും കൂടിയാണ്‌.

സ്പോർട്സ്, ഫിറ്റ്നസ്, സമഗ്രമായ വിദ്യാർത്ഥി വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സെന്റ് തോമസ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിന്റെ സ്ഥിരമായ പരിശ്രമങ്ങളുടെ സാക്ഷ്യമായി ഈ ഇരട്ട ബഹുമതികൾ നിലകൊള്ളുന്നു. NAAC A++ അക്രഡിറ്റേഷൻ (CGPA 3.70/4) നേടിയിട്ടുള്ളതും ഉന്നത വിദ്യാഭാസസ്ഥാപനങ്ങളുടെ നിലവാരസൂചികയായ NIRF 2025 ൽ ഇന്ത്യയിൽ 53-ാം റാങ്കുള്ളതുമായ ഈ സ്ഥാപനം  അക്കാദമിക് നേട്ടത്തോടൊപ്പം കായിക രംഗത്തിനും  നൽകുന്ന ശക്തമായ ഊന്നലിന് വളരെക്കാലമായി പേരുകേട്ടതാണ്. ആൻസി സോജൻ (അത്‌ലറ്റിക്സ് ), വിപിൻ മോഹൻ (ഫുട്ബോൾ), മുഹമ്മദ് ഷെഹീഫ് (ഫുട്ബോൾ), ജോസഫ് ജസ്റ്റിൻ (ഫുട്ബോൾ), തുടങ്ങിയ രാജ്യാന്തര താരങ്ങളുടെയും  ഒട്ടനവധി ദേശീയ മെഡൽ ജേതാക്കളുടെയും സച്ചിൻ സുരേഷ്, ശ്രീക്കുട്ടൻ വിഎസ്, അനന്തു, ഷംനാദ്, വിഘ്നേഷ് പുത്തൂർ തുടങ്ങിയ ഐഎസ്എൽ, ഐപിഎൽ, സന്തോഷ് ട്രോഫി, രഞ്ജി ട്രോഫി താരങ്ങളുടെയും  പ്രാതിനിധ്യവും  നിർണായകമായി. കോളേജിന്റെ 400 മീറ്റർ ട്രാക്ക്, ഫുട്ബോൾ, ക്രിക്കറ്റ് ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം, ഫിറ്റ്നസ് സെന്റർ എന്നീ കായിക ഭൗതിക സൗകര്യങ്ങളും നിരന്തര പരിശീലന സംവിധാനങ്ങളും ഇന്ത്യയിലെ തന്നെ മികച്ച സ്പോർട്സ് കോളേജ് അവാർഡിനായി പരിഗണിക്കപ്പെട്ടു. കാലിക്കറ്റ് സർവ്വകലാശാലയുടെ മികച്ച സ്പോർട്സ് കോളേജിനുള്ള അവാർഡ് വർഷങ്ങളായി നേടിയിട്ടുള്ള തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ കായികതാരങ്ങൾ ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ്,  വേൾഡ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ്, ഖേലോ ഇന്ത്യ മത്സരങ്ങൾ,  അന്തർ സർവ്വകലാശാല മത്സരങ്ങൾ, ദേശീയ സംസ്ഥാന ചാമ്പ്യൻഷിപ്പ് എന്നിവയിൽ കോളേജിനു വേണ്ടി ശ്രദ്ധേയമായി നേട്ടം കൈവരിച്ചിട്ടുണ്ട്.ദേശീയ അംഗീകാരത്തിൽ കോളേജ് മാനേജ്‌മെന്റും, ഫാക്കൽറ്റി അംഗങ്ങളും, വിദ്യാർത്ഥികളും അതിയായ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. കായിക വിദ്യാഭ്യാസത്തിലെ വർഷങ്ങളുടെ പ്രതിബദ്ധതയുള്ള സേവനം, അച്ചടക്കം, മികച്ച ഏകോപനം എന്നിവ അവാർഡുകൾ പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ നേട്ടം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രചോദനം നൽകുമെന്നും ദേശീയ തലത്തിൽ സ്ഥാപനത്തിന്റെ സ്ഥാനം കൂടുതൽ ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു. ഫെബ്രുവരി ആറിന് ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഈ പുരസ്കാരങ്ങൾ സമ്മാനിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!