
പാലിയേറ്റീവ് രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.കാവശ്ശേരി ഗ്രാമപഞ്ചായത്തിന്റെ സാന്ത്വന പരിചരണ പദ്ധതിയിലുള്‍പ്പെടുത്തി നിരാലംബരായവര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 50 പേര്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. മട്ടയരി, പഞ്ചസാര, പരിപ്പ്, സാമ്പാര്‍ പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ, ശര്‍ക്കര, പായസം സേമിയ, ശര്‍ക്കര, സോപ്പ്, നാളികേരം എന്നിവ ഉള്‍പ്പെട്ടതാണ് കിറ്റ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പാലിയേറ്റീവ് രോഗികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഗുണഭോക്താക്കളുടെ ബന്ധുക്കള്‍ക്ക് കിറ്റുകള്‍ കൈമാറി. കാവശ്ശേരി പാടൂര്‍ കുടുംബാരോഗ്യ കേന്ദ്രമാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന വിതരണ പരിപാടിയുടെ ഉദ്ഘാടനം കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ്‌കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, വാര്‍ഡ് അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജീവനക്കാര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
