
സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരിക്കൽ ലൈസൻസ് നൽകിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തുന്നതാണ്. ലൈസൻസ് സസ്പെന്റ് ചെയ്താൽ പോരായ്മകൾ പരിഹരിച്ച് കമ്മീഷണറായിരിക്കും വീണ്ടും അനുമതി നൽകുന്നത്. ഭക്ഷണം പാഴ്സൽ കൊടുക്കുമ്പോൾ നൽകുന്ന സയവും എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ശുചിത്വം ഉറപ്പാക്കാൻ സ്ഥാപനത്തിലുള്ള ഒരാൾക്ക് സൂപ്പർവൈസർ ചുമതല നൽകണം.

ഭക്ഷ്യ സുരക്ഷയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റേയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഭക്ഷ്യ സുരക്ഷ ഫലപ്രദമായി നടപ്പിലാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ലൈസൻസ് ഉറപ്പാക്കും. ലൈസൻസിനായി ഏകീകൃത പ്ലാറ്റ്ഫോം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കും. ആഡിറ്റോറിയത്തിലുപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

കടകൾക്ക് ലൈസൻസ് നൽകുന്നത് അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളാണ്. ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നൽകുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പാണ്. ഈ സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് എഫ്.എസ്.എസ്.എ.ഐ. ആക്ട് പ്രകാരം പരിശോധനകൾ നടത്തുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവുമാണ് പരിശോധനകൾ നടത്തി വരുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb