അടയ്ക്ക വിളവെടുപ്പ് ആരംഭിച്ചു; വിലയിടവും തുടരുന്നു
അടക്കാകൃഷി വ്യാപകമായുള്ള നെന്മാറ അയിലൂർ പഞ്ചായത്തുകളിലെ കമുകിൻ തോട്ടങ്ങളിലെ വിളവെടുപ്പ് ആരംഭിച്ചു. കമുകുകളിൽ അടയ്ക്ക പഴുത്തു തുടങ്ങിയതോടെയാണ് വിളവെടുപ്പ് ആരംഭിച്ചത്. കളിയടയ്ക്ക നിർമ്മാണത്തിനായി പൂർണമായും മൂത്ത് പാകമാകാത്ത പച്ചഅടക്കയും കർഷകരിൽ നിന്ന് വ്യാപാരികൾ വാങ്ങുന്നുണ്ട്. പഴുത്ത അടയ്ക്ക കിലോഗ്രാമിന് 57 മുതൽ 80 രൂപവരെ വില കർഷകർക്ക് തോട്ടങ്ങളിൽ തന്നെ ലഭിക്കുന്നുണ്ട്. കളിയടയ്ക്കയ്ക്ക് ഉപയോഗിക്കുന്ന പച്ച അടയ്ക്ക 45 മുതൽ 75 രൂപവരെയും ലഭിക്കുന്നുണ്ട്. ഉണങ്ങിയ കൊട്ടടയ്ക്ക, വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ വിലകുറഞ്ഞ് കിലോ ഗ്രാമിന് 300-350 രൂപ നിരക്കിലേക്ക് താഴ്ന്നു. രണ്ടുമാസം മുമ്പ് വരെ കൊട്ടടയ്ക്ക റെക്കോർഡ് വിലയായ 450 രൂപയിൽ എത്തിയിരുന്നു. വിപണിയിൽ അടയ്ക്കാവില ഉയർന്ന സമയത്ത് കമുകിൻ തോട്ടങ്ങൾ മൊത്തത്തിൽ വിലയ്ക്ക് എടുത്ത വ്യാപാരികൾക്കാണ് വിലകുറഞ്ഞത് പ്രതിസന്ധിയായത്. എങ്കിലും പെയിന്റ്, സുഗന്ധവ്യഞ്ജനം, കളിയടയ്ക്ക, പാൻ മസാല എന്നിവയുടെ നിർമ്മാണത്തിനുമായി വടക്കേ ഇന്ത്യയിലേക്ക് കർണാടകയിലേക്കും വ്യാപാരികൾ അടയ്ക്ക കയറ്റി വിടുന്നുണ്ട്.
മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് പച്ചഅടക്കയും പഴുത്ത അടയ്ക്ക കർഷകരിൽ നിന്ന് വിളവെടുത്ത ഉടൻ വാങ്ങിക്കൊണ്ടു പോകുന്നത്. കൊട്ടടയ്ക്ക ഭാവിയിൽ വില ഉയരും എന്നതിനാൽ ബഹുഭൂരിപക്ഷം കർഷകരും അടയ്ക്ക ഉണക്കി കൊട്ടടക്കയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആവശ്യത്തിന് അടയ്ക്ക പറിക്കാൻ തൊഴിലാളികളെ കിട്ടാത്തത് കമുകു കർഷകർ നേരിടുന്ന പ്രതിസന്ധിയാണ്. തേങ്ങാ വെട്ടുന്നത് പോലെ അല്ലാതെ പരിചയ സമ്പന്നരായ തൊഴിലാളികൾ ഒരു കമുകിൽ കയറി കയർ ചുറ്റികെട്ടി പ്രത്യേകം ഇരിപ്പിടം ഉണ്ടാക്കി കമുകിലും തോട്ടിയിലും ഒരേസമയം പിടിക്കുകയും തോട്ടി ഉപയോഗിച്ച് സമീപത്തെ കമുകുകളിലെയും അടയ്ക്ക പറിക്കുന്നതിനും കമുകിൽ നിന്ന് താഴെ ഇറങ്ങാതെ അടുത്ത കാമുകിനെ തോട്ടി ഉപയോഗിച്ച് വളച്ച് മറ്റൊരു കമുകിലേക്ക് മാറിക്കയറുന്ന തൊഴിലാളികളുടെ അഭ്യാസവും ഏറെ കൗതുകകരമാണ്. വിളവെടുപ്പ് സീസൺ ആയതോടെ അടയ്ക്കാ പറിക്കുന്ന തൊഴിലാളികൾക്കും തിരക്കായി. പഴുത്തു തുടങ്ങിയ അടയ്ക്ക വവ്വാലുകളും മറ്റും കടിച്ചു നശിപ്പിക്കുന്നതയും കർഷകർ പരാതിപ്പെട്ടു. കമുക് തോട്ടങ്ങളിൽ വ്യാപകമാകുന്ന മാഹാളി രോഗവും മഞ്ഞളിപ്പ് രോഗവും കമുക് കൃഷി മേഖലയിൽ കുറയാനും കമുക് വെട്ടി മാറ്റി റബ്ബർ കൃഷിയിലേക്ക് പോയ കർഷകരും ഏറെയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb