ആധാര്‍ പുതുക്കല്‍ ക്യാംപുകള്‍ സജ്ജീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

Share this News

ആധാര്‍ പുതുക്കല്‍ ക്യാംപുകള്‍ സജ്ജീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

പാലക്കാട് ജില്ലയില്‍ ആധാര്‍ എടുക്കാനും പുതുക്കാനുമുള്ള ക്യാമ്പയിന്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നിര്‍ദേശം. പ്രാദേശികതലത്തില്‍ ആധാറിന്റെ പ്രധാന്യം വ്യക്തമാക്കി കൊണ്ട് ജനപ്രതിനിധികളുടെ സഹകരണത്തോടെ പ്രസ്തുത ക്യാമ്പുകള്‍ സജ്ജമാക്കണമെന്നും ആധാര്‍ പുതുക്കലുമായി ബന്ധപ്പെട്ട് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍, അങ്കണവാടികള്‍ കേന്ദ്രീകരിച്ചും ക്യാമ്പ് സജീവമാക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്കായും പ്രത്യേകം ക്യാമ്പുകള്‍ സജ്ജീകരിക്കണം. സര്‍ക്കാരിന്റെ അഗതി മന്ദിരങ്ങളില്‍ ആധാര്‍ പുതുക്കല്‍ സൗജന്യമായി ചെയ്തു കൊടുക്കും. അല്ലാത്തവ അക്ഷയ സെന്ററുകള്‍ മുഖേന 50 രൂപ നിരക്കില്‍ ചെയ്യാം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സിവില്‍ സ്റ്റേഷനിലും മിനി സിവില്‍ സ്റ്റേഷനുകളിലും പ്രത്യേക ക്യാമ്പ് സജ്ജീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അക്ഷയകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൃത്യമായ നിരീക്ഷണം നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കൂടാതെ 0 മുതല്‍ 5 വയസ് വരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ജില്ലാ ഐ.ടി മിഷന്‍ ഡി.പി.എം ടി. തനൂജ്, ഡി.ഡി.ഇ, ഡി.ഐ.ഒ, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

ആധാര്‍ 10 വര്‍ഷം കഴിഞ്ഞെങ്കില്‍ പുതുക്കാന്‍ അവസരം

10 വര്‍ഷം മുമ്പുള്ള ആധാര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. തിരിച്ചറിയല്‍ രേഖകളും വിലാസം തെളിയിക്കുന്ന രേഖകളുമായി ഓണ്‍ലൈന്‍ മുഖേന സ്വയമോ അടുത്തുള്ള അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ രേഖകള്‍ അപ്ലോഡ് ചെയ്ത് ആധാര്‍ പുതുക്കാം.

ആധാര്‍ ഓണ്‍ലൈനായി ഇപ്രകാരം സ്വയം പുതുക്കാം

* ആദ്യം myaadhaar.uidai.gov.in ല്‍ നിങ്ങളുടെ ആധാര്‍ നമ്പറും ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക

* രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയും വേണം. ആധാര്‍ കാര്‍ഡിലുള്ള അതേ പേര് വരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നവ-വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് (ഗൃഹനാഥക്ക് മാത്രം), ഡ്രൈവിങ് ലൈസന്‍സ്, പെന്‍ഷന്‍ കാര്‍ഡ്, ഡിസബിലിറ്റി കാര്‍ഡ് എന്നിവ.
വിലാസം തെളിയിക്കുന്ന രേഖകളായി ഉപയോഗിക്കാവുന്നവ-വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക് (ദേശസാത്കൃത ബാങ്കിലെ അപേക്ഷകന്‍/അപേക്ഷകയുടെ ഫോട്ടോ വരുന്ന മുന്‍പേജ്), കിസാന്‍ പാസ്ബുക്ക്, വിവാഹ സര്‍ട്ടിഫിക്കറ്റ്, മൂന്ന് മാസത്തിനുള്ളിലുള്ള വൈദ്യുത ബില്‍, വാട്ടര്‍ ബില്‍, പാചകവാതക കണക്ഷന്‍ ബില്‍, ടെലിഫോണ്‍ ബില്‍ തുടങ്ങിയവ.

* ശേഷം പേര്, ജനനതീയതി, ലിംഗഭേദം, വിലാസം തുടങ്ങിയ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിശദാംശങ്ങള്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പി.ഒ.ഐ/പി.ഒ.എ രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുക.

* യു.ആര്‍.എന്‍ നമ്പര്‍ രശീതി ഡൗണ്‍ലോഡ് ചെയ്ത് ഭാവി ആവശ്യങ്ങള്‍ക്കായി സേവ് ചെയ്യുക

* സബ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ വിശദാംശങ്ങള്‍ വീണ്ടും പരിശോധിക്കുക

അക്ഷയകേന്ദ്രത്തില്‍ രേഖ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമം

– അടുത്തുള്ള അക്ഷയകേന്ദ്രം കണ്ടെത്തുക

* അപ്ഡേറ്റ് ചെയ്യുന്നതിന് ഐഡന്റിറ്റിയുടെ സാധുവായ യഥാര്‍ത്ഥ തെളിവും (പി.ഒ.ഐ-പ്രൂഫ് ഓഫ് ഐഡന്റിറ്റി) വിലാസത്തിന്റെ തെളിവും (പി.ഒ.എ-പ്രൂഫ് ഓഫ് അഡ്രസ്) രേഖകളും കൊണ്ടുപോകുക

* നിങ്ങളുടെ ആധാറും പി.ഒ.ഐ/പി.ഒ.എ രേഖയും അനുസരിച്ച് വിവരങ്ങള്‍ കൃത്യമായി എന്റോള്‍മെന്റ് ഫോമില്‍ പൂരിപ്പിക്കുക

* ഇ.ഐ.ഡി നമ്പര്‍ അടങ്ങിയ രശീതി സ്വീകരിച്ച് 50 രൂപ ഫീസ് അടക്കുക.

* സമര്‍പ്പിക്കുന്നതിന് മുന്‍പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഡെമോഗ്രാഫിക് വിവരങ്ങള്‍ പരിശോധിക്കുക.

സംശയനിവാരണത്തിന് 0491-2547820 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ആധാര്‍ പുതുക്കിയാലുള്ള ഗുണങ്ങള്‍ ഇപ്രകാരം

* ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് രാജ്യത്ത് എവിടെ നിന്നും റേഷന്‍ ലഭിക്കും

* ഏകദേശം 1100 സര്‍ക്കാര്‍ പദ്ധതികള്‍/പ്രോഗ്രാമുകള്‍ എന്നിവയുടെ പ്രയോജനം ലഭിക്കും

* ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ എളുപ്പമാകും

* വിവിധ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്കായുള്ള പ്രവേശനം ലളിതമാകും

* വായ്പാ അപേക്ഷകള്‍ ബാങ്കുകള്‍ കൂടുതല്‍ വേഗത്തില്‍ പ്രോസസ് ചെയ്തേക്കാം

* നിങ്ങളൊരു നികുതിദായകനാണെങ്കില്‍ നിങ്ങളുടെ ഐ.ടി റിട്ടേണുകള്‍ എളുപ്പത്തില്‍ ഇ-വെരിഫൈ ചെയ്യാം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!