യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ഐഡിയ ഫെസ്റ്റിന് ചിറ്റൂരില്‍ തുടക്കമായി ;മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നവീനതയുടെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ച യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഐഡിയ രജിസ്‌ട്രേഷന്‍ ക്യാമ്പയിന് (ഐഡിയ ഫെസ്റ്റ്) ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ തുടക്കമായി. ചിറ്റൂര്‍ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ നടന്ന പരിപാടി വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യയില്‍ പുതിയ ദിശകള്‍ സൃഷ്ടിക്കുന്നതിനും അതിന്റെ സാമൂഹിക രൂപീകരണത്തിന് വഴിയൊരുക്കുന്നതിനുമായ പുത്തന്‍ ആശയങ്ങള്‍ ഇന്നത്തെ തലമുറയില്‍ വളര്‍ത്തിയെടുക്കുന്നതിനാണ് വൈ.ഐ.പി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൃഷി, ബിസിനസ്, സഹായ സാങ്കേതികവിദ്യ തുടങ്ങിയ 22 ആശയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ നൂതന ആശയം, ഒരു ഉത്പന്നം അല്ലെങ്കില്‍ വിവിധ മേഖലകളില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ആരംഭിച്ച പ്രോഗ്രാമില്‍ കുട്ടികള്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കെ-ഡിസ്‌ക് പാലക്കാട് ജില്ലാ ഓഫീസര്‍ എം. കിരണ്‍ ദേവ് വൈ.ഐ.പിയുടെ ആശയം അവതരിപ്പിച്ചു. പരിപാടിയിൽ ചിറ്റൂര്‍-തത്തമംഗലം നഗരസഭ വൈസ് ചെയര്‍മാന്‍ എം. ശിവകുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ എം. മുകേഷ്, ചിറ്റൂര്‍ കോളെജ് വൈ.ഐ.പി. നോഡല്‍ ഓഫീസര്‍ കെ.എ. സുരേഷ് കുമാര്‍, വൈ.ഐ.പി ജില്ലാ കോ-ഓര്‍ഡിനേറ്ററും ഗവ വിക്ടോറിയ കോളെജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വി. സുരേഷ്, ചിറ്റൂര്‍ ഗവ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. ബേബി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ടി. റെജി, കോളെജ് ഐ.ക്യു.സി കോ-ഓര്‍ഡിനേറ്റര്‍ എം.വി വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2