
സുസ്ഥിര തൃത്താല: പ്രത്യേക നീര്‍ത്തട വികസന പദ്ധതി നിര്‍വഹണ ഉദ്ഘാടനം നാലിന്
മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും
സുസ്ഥിര തൃത്താല-പ്രത്യേക നീര്‍ത്തട വികസന പദ്ധതി നിര്‍വഹണ ഉദ്ഘാടനം ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കുമരനെല്ലൂര്‍ വി.കെ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. പരിപാടിയില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം, തൃത്താല പഞ്ചായത്ത് മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ട്, മാപ്പ് പ്രകാശനം, ഫല വൃക്ഷതൈകളുടെ വിതരണം എന്നിവയും മന്ത്രി നിര്‍വഹിക്കും. മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ് മുഖേന 2023 ലെ സംസ്ഥാന ബജറ്റില്‍ തൃത്താല നിയോജകമണ്ഡലത്തിലെ നീര്‍ത്തട വികസനത്തിനുവേണ്ടി രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. മണ്ഡലത്തിലെ എട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വരുന്ന വിവിധ നീര്‍ത്തട പരിധിയിലെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് തൃത്താല പ്രത്യേക നീര്‍ത്തട വികസന പദ്ധതി.
മണ്ണ്, വെള്ളം, വൃത്തി എന്നീ അടിസ്ഥാന വിഷയങ്ങളിലൂന്നി നവകേരളം കര്‍മ്മപരിപാടിയുടെ ഭാഗമായി തൃത്താല അസംബ്ലി നിയോജക മണ്ഡലത്തില്‍ തൃത്താല എം.എല്‍.എയും തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി. രാജേഷ് വിഭാവനം ചെയ്ത് നടപ്പാക്കുന്ന സംയോജിത പദ്ധതിയാണ് സുസ്ഥിര തൃത്താല. കാര്‍ഷിക വികസനം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, പരിസ്ഥിതി പുനഃസ്ഥാപനം, ജീവനോപാധികളുടെ വികസനം തുടങ്ങിയ മേഖലകളില്‍ പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
ഉദ്ഘാടന പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷയാവും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാവും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹര്‍ പദ്ധതി വിശദീകരണം നടത്തും. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ മണികണ്ഠന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നവകേരളം കര്‍മ്മ പദ്ധതി രണ്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, തൃതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/BnslVn1ufOlJefmbZaLAg0

